കോട്ടയം: നവകേരള സദസ് കെങ്കേമമായി മുന്നേറുമ്പോഴും ക്രിസ്മസിന് കിറ്റും കേക്കുമൊന്നും സര്ക്കാരില്നിന്നു പ്രതീക്ഷിക്കേണ്ട. സാധാരണക്കാര്ക്കു നേരിയ വിലക്കുറവില് സാധനങ്ങള് ലഭിച്ചിരുന്ന സപ്ലൈകോയില് ക്രിസ്മസിന് ഒരു വകയുമുണ്ടാകില്ല. ഇനിയും കടംതരാന് തയാറല്ലെന്ന് നിത്യോപയോഗസാധനങ്ങൾ എത്തിക്കുന്ന കമ്പനികള് വ്യക്തമാക്കിയിരിക്കുന്നു.
ഇപ്പോള്ത്തന്നെ കാലിയാണ് സപ്ലൈകോ ഔട്ട്ലറ്റുകള്. സാധനങ്ങള് വാങ്ങാന് ടെന്ഡര് ക്ഷണിച്ചിട്ട് സപ്ലൈകോയില് സാധനങ്ങള് എത്തിക്കാന് ഒരു കമ്പനി പോലും തയാറല്ല.
സാധനങ്ങള് വാങ്ങാന് പത്തു ദിവസം മുന്പ് നോട്ടിസ് നല്കുകയും ടെന്ഡറിനു ശേഷം ആദ്യഗഡു വിതരണത്തിന് 15 ദിവസം സമയം നല്കുകയും വേണം. ഈ നിലയ്ക്ക് ക്രിസ്മസിനു മുന്പ് സപ്ലൈകോയില് സാധനങ്ങൾ വാങ്ങാമെന്ന പ്രതീക്ഷ വേണ്ട.
അരി, പഞ്ചസാര, വറ്റല്മുളക് എന്നിവയ്ക്കാണ് സബ്സിഡിയുള്ള 13 ഇനങ്ങളില് ഏറ്റവുമധികം ആവശ്യക്കാരുള്ളത്. വിപണിവില അധികമായതിനാല് മുളക് കഴിഞ്ഞ മൂന്നു മാസവും സപ്ലൈകോ ടെന്ഡറില് ഉള്പ്പെടുത്തിയില്ല. വെള്ളക്കടല, ഗ്രീന്പീസ് തുടങ്ങിയ സബ്സിഡി ഇതര സാധനങ്ങള് എത്തിക്കാന് ചിലര് തയാറായെങ്കിലും അഡ്വാന്സ് ലഭിക്കാതെ തരില്ലെന്നാണു നിലപാട്.
സപ്ലൈകോയില് ഓണം, വിഷു സീസണിലെ വിറ്റുവരവൊക്കെ സര്ക്കാര് വാങ്ങിയെടുത്തു. അതേ സമയം സാധനങ്ങള് അഡ്വാന്സ് വാങ്ങിയ കമ്പനികള്ക്കും വ്യക്തികള്ക്കും നയാപൈസ കൊടുത്തതുമില്ല.നിലവില് 738.94 കോടി രൂപയോളം വിവിധ കമ്പനികള്ക്കു നല്കാനുണ്ട്.
വെളിച്ചെണ്ണയ്ക്കു നല്കിയ പര്ച്ചേസ് ഓര്ഡര് പണം ഇല്ലാത്തതിനാല് റദ്ദാക്കേണ്ടിവന്നു. നവംബര് അവസാനം 54 ഗോഡൗണുകളില് സാധനങ്ങള് സംഭരിച്ച് ഡിസംബര് പത്തിന് ഔട്ട്ലറ്റുകളില് എത്തിച്ച് 15ന് ചന്തകള് ആരംഭിക്കുകയായിരുന്നു പതിവ്.