കാഞ്ഞങ്ങാട്: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിച്ച സൗജന്യ റേഷന്‍ വിതരണം മിക്കയിടങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളുടെ നിയന്ത്രണത്തിലാകുന്നു.
നേരിട്ടു കടയിലെത്തി സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്തവരുടെ റേഷന്‍ കാര്‍ഡുകള്‍ പഞ്ചായത്തുകളുടെ കീഴിലുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ ശേഖരിച്ചു റേഷന്‍ കടകളില്‍ എത്തിച്ച് അരിയും സാധനങ്ങളും വീട്ടിലെത്തിച്ച് കൊടുക്കാവുന്നതാണെന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന്റെ ബലത്തിലാണ് മിക്കയിടത്തും റേഷന്‍ വിതരണം പാര്ട്ടിക്കാര് ഏറ്റെടുത്തിരിക്കുന്നത്. സ്വന്തം റേഷന്‍ കാര്‍ഡുമായി നേരിട്ടു കടയിലെത്തുന്ന സാധാരണക്കാര്‍ പലയിടങ്ങളിലും കളത്തിനു പുറത്താവുകയാണ്.
മിക്കയിടങ്ങളിലും സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് സന്നദ്ധ പ്രവര്‍ത്തകരായി സര്‍ക്കാരിന്റെ അംഗീകാരം നല്‍കിയിട്ടുള്ളത്. ഇവര്‍ ഏരിയ തിരിച്ചു വീടുകളില്‍ നിന്ന് റേഷന്‍ കാര്‍ഡുകള്‍ വാങ്ങുകയും അമ്പതും അറുപതും കാര്‍ഡുകള്‍ വീതമുള്ള കെട്ടുകളായി റേഷന്‍ കടകളില്‍ എത്തിക്കുകയുമാണ് ചെയ്യുന്നത്.
ഇത്രയും കാര്‍ഡുകളിലേക്കുള്ള സൗജന്യ അരിയും മറ്റു സാധനങ്ങളും ഇവര്‍ ഒരുമിച്ചുതന്നെ വാങ്ങുന്നു. പലയിടത്തും ഇവ കൃത്യമായ അളവോ തൂക്കമോ ഇല്ലാതെ വീടുകളിലേക്ക് വീതിച്ചു കൊടുക്കുകയും ബാക്കി വരുന്നവ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സഹായപദ്ധതികളിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്. ചുരുക്കം ചില സ്ഥലങ്ങളില്‍ മുസ്ലിം ലീഗും പോഷകസംഘടനകളും ഇതേ റോള്‍ ഏറ്റെടുത്തിട്ടുണ്ട്.
സന്നദ്ധ പ്രവര്‍ത്തകര്‍ റേഷന്‍ കടകളില്‍ ഒരുമിച്ചെത്തിക്കുന്ന കാര്ഡുകള്ക്കിടയിലാണ് ഒറ്റയ്ക്കു വരുന്ന സാധാരണക്കാരുടെ കാര്‍ഡുകളും പരിഗണിക്കപ്പെടുന്നത്. ഒറ്റനോട്ടത്തില്‍ കടയില്‍ തിരക്കൊന്നുമില്ലെങ്കിലും നേരത്തേ കൊണ്ടുവച്ച 60 കാര്‍ഡുകള്‍ കഴിഞ്ഞു മാത്രമേ നിങ്ങളുടേത് പരിഗണിക്കാന്‍ കഴിയുകയുള്ളൂ എന്ന മറുപടിയാണ് ഇവര്‍ക്ക് ലഭിക്കുക.
ഊഴം തെറ്റിച്ച് ഇവരുടെ കാര്‍ഡ് ആദ്യം പരിഗണിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ കടയുടമകള്‍ നിസഹായരാകും. അറുപതോ അതിലധികമോ കാര്‍ഡുകള്‍ എടുത്തുതീരാന് മണിക്കൂറുകളെടുക്കുമെന്ന അവസ്ഥയായതുകൊണ്ട് ഇവരും റേഷന്‍ കാര്‍ഡ് കടയില്‍ വച്ച് മടങ്ങാന്‍ നിര്‍ബന്ധിതരാകും.
കാർഡ് സന്നദ്ധ പ്രവര്‍ത്തകരെ ഏൽപ്പിക്കാന്‍ തയാറാകാത്തവര് ലോക്ക്ഡൗണ്‍ ഭീഷണിക്കിടയില്‍ മൂന്നോ നാലോ തവണ റേഷന്‍ കടയില്‍ പോകേണ്ടിവരുന്ന അവസ്ഥയുമുണ്ടാകും. ഇതിനിടയില്‍ നിയമവും നൂലാമാലകളുമറിയാത്ത സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സൗജന്യ റേഷനരിയും സാധനങ്ങളും പാര്‍ട്ടിയുടെ സഹായപദ്ധതിയായി മാറുകയാണ്.