പത്തനംതിട്ട: സപ്ലൈകോ ഉത്പന്നങ്ങളുടെ വില വർധിപ്പിക്കില്ലെന്ന വാഗ്ദാനം പാലിക്കാൻ സബ്സിഡി ഉത്പന്നങ്ങളുടെ അളവ് വെട്ടിക്കുറച്ചു. കാർഡുടമകൾക്ക് സബ്സിഡി നിരക്കിൽ നൽകിവന്ന ഉത്പന്നങ്ങളുടെ തൂക്കവും അളവും പകുതി കണ്ട് വെട്ടിക്കുറച്ചിരിക്കുകയാണ്.
സബ്സിഡി നിരക്കിൽ ഒരു കിലോഗ്രാം പഞ്ചസാര ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ അര കിലോഗ്രാം മാത്രമേ ലഭിക്കുകയുള്ളൂ. വെളിച്ചെണ്ണയും ഉഴുന്നും പയർ വർഗങ്ങളുമെല്ലാം നേർപകുതി കണ്ട് വെട്ടിക്കുറച്ചു. എൽഡിഎഫ് സർക്കാർ അധികാരത്തിലുള്ളിടത്തോളം സിവിൽ സപ്ലൈസ് കോർപറേഷൻ മുഖേന വിതരണം ചെയ്യുന്ന സാധനങ്ങളുടെ വില വർധിപ്പിക്കില്ലെന്ന് ഭക്ഷ്യമന്ത്രിയാണ് വാഗ്ദാനം ചെയ്തിരുന്നത്.
എന്നാൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ മിക്ക ഉത്പന്നങ്ങളും കാർഡുടമകൾക്ക് സബ്സിഡി നിരക്കിൽ പകുതി മാത്രമേ ലഭിക്കുന്നുള്ളൂ. സപ്ലൈകോയുടെ നിയന്ത്രണത്തിലുള്ള മാവേലി സ്ഥാപനങ്ങളെല്ലാംതന്നെ ഒരു നെറ്റ് വർക്കിലൂടെ ബന്ധിച്ചതിനാൽ ഒരു കാർഡിന് മാസത്തിൽ ഒരു തവണ മാത്രമേ സാധനങ്ങൾ ലഭിക്കുകയുമുള്ളൂ.
സബ്സിഡി നിരക്കിൽ അല്ലെങ്കിൽ നിത്യോപയോഗസാധനങ്ങൾക്ക് സപ്ലൈകോ ഈടാക്കുന്നത് പൊതുവിപണിയിലെ വില തന്നെയാണ്. ചില സാധനങ്ങൾക്കു മാത്രം നേരിയ വിലക്കുറവുണ്ട്. എന്നാൽ സബ്സിഡി നിരക്കിൽ വിൽക്കാൻ വേണ്ടി എത്തിക്കുന്ന സാധനങ്ങൾ പലതിന്റെയും ഗുണമേൻമയെച്ചൊല്ലി ആക്ഷേപങ്ങളുണ്ട്.
കുറഞ്ഞ ഗുണനിലവാരമുള്ള സാധനങ്ങളാണ് സപ്ലൈകോ വാങ്ങുന്നതെന്നും സബ്സിഡി നിരക്കിൽ നൽകുന്നതെന്നും ആക്ഷേപമുണ്ട്. ഇതോടൊപ്പം സബ്സിഡി നിരക്കിലുള്ള സാധനങ്ങളുടെ അളവും വെട്ടിക്കുറച്ചതോടെ ഉപയോക്താക്കൾ പ്രതിസന്ധിയിലായി.