റോബിൻ ജോർജ്
കൊച്ചി: കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും വിപണിയിലെ ചൂഷണം അവസാനിപ്പിക്കുന്നതിനുമായി സപ്ലൈകോ ആരംഭിച്ച ഗൃഹോപകരണ വിപണനം സൂപ്പർ ഹിറ്റായി. സംസ്ഥാനത്ത് ഏഴു ജില്ലകളിലായി തെരഞ്ഞെടുത്ത 10 വില്പനശാലകളിലൂടെ മാത്രം 12 ദിവസത്തിനിടെ 20 ലക്ഷം രൂപയുടെ വില്പനയാണ് നടന്നത്. ഇതിലൂടെ സപ്ലൈകോയ്ക്കുണ്ടായ ലാഭം രണ്ടു ലക്ഷം രൂപ.
എംആർപിയിൽനിന്നു 40 ശതമാനം വരെ വിലക്കുറവിൽ വില്പന നടത്തുന്നതിനെത്തുടർന്ന് ഉപഭോക്താക്കളിൽനിന്നു മികച്ച പ്രതികരണം ലഭിച്ചതോടെ പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപിക്കാനൊരുങ്ങുകയാണ് അധികൃതർ. ഇതിന്റെ ഭാഗമായി ഗൃഹോപകരണ വിപണനത്തിനു സ്ഥലസൗകര്യമുള്ള വില്പനശാലകളുടെ വിവരം കൈമാറാൻ അധികൃതർക്ക് നിർദേശം നൽകി. കഴിഞ്ഞ മാസം 26നാണ് സപ്ലൈകോ ഗൃഹോപകരണ വിപണനം ആരംഭിച്ചത്.
കോട്ടയം, തിരുവനന്തപുരം, കരുനാഗപ്പള്ളി, എറണാകുളം എന്നീ ഹൈപ്പർ മാർക്കറ്റുകളിലും കൊട്ടാരക്കര, പുത്തനന്പലം, മാള, ചാലക്കുടി, എടക്കര എന്നീ സൂപ്പർ മാർക്കറ്റുകളിലും തൃശൂർ പീപ്പിൾസ് ബസാറിലുമാണ് ഗൃഹോപകരണ വിപണനം ആരംഭിച്ചത്. ഈ വില്പനശാലകളിൽ കഴിഞ്ഞ ഒൻപതാം തീയതി വരെ നടന്ന വില്പനയാണ് 20 ലക്ഷം രൂപയുടേതെന്ന് അധികൃതർ പറഞ്ഞു.
നാലു ബ്രാൻഡുകളുടെ മിക്സി, പ്രഷർ കുക്കർ, സീലിംഗ് ഫാൻ, ഗ്യാസ് സ്റ്റൗ, എയർ കൂളർ, ഇൻഡക്ഷൻ കുക്കർ, തെർമൽ ഫ്ളാസ്ക്, അയണ് ബോക്സ്, ഡിന്നർ സെറ്റ്, ഫ്രൈ പാൻ, മോപ്പുകൾ തുടങ്ങിയ ഉത്പന്നങ്ങളാണ് നിലവിൽ വിപണനം നടത്തുന്നത്. വില്പന വർധിച്ചതോടെ ഉപഭോക്താക്കൾക്ക് ആവശ്യാസനുസരണം ഉത്പന്നങ്ങൾ നൽകാൻ സാധിക്കാത്ത അവസ്ഥയും സംജാതമായിട്ടുണ്ട്.
ഇതേത്തുടർന്ന് പലരും ഉത്പന്നങ്ങൾ ബുക്കിംഗ് ചെയ്ത് ഉറപ്പാക്കി മടങ്ങുകയാണ്. പദ്ധതി വിജയിച്ചതോടെ ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിനായുള്ള അനുമതിക്കായി കൂടുതൽ കന്പനികൾ സമീപിക്കുന്നതായും അധികൃതർ പറഞ്ഞു.
ഇവരുടെ ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നത് സംബന്ധിച്ച് നിലവിൽ തീരുമാനം എടുത്തിട്ടില്ലെങ്കിലം പദ്ധതി കൂടുതൽ ജില്ലകളിലേക്ക് വ്യാപിപിക്കുന്പോൾ കൂടുതൽ ഉത്പന്നങ്ങൾ ആവശ്യമായി വന്നേക്കാമെന്നും അധികൃതർ അറിയിച്ചു.