റോബിൻ ജോർജ്
കൊച്ചി: ഗൃഹോപകരണ വില്പനയിൽ കൂടുതൽ മുന്നേറാൻ ലക്ഷ്യമിട്ട് ഉപഭോക്താക്കൾക്ക് തവണ വ്യവസ്ഥയിൽ വായ്പാ സൗകര്യം ഏർപ്പെടുത്താനൊരുങ്ങുകയാണ് സപ്ലൈകോ. ഇതിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായി വായ്പ നൽകുന്ന ഏതാനും സ്വകാര്യ കന്പനി പ്രതിനിധികളുമായി സപ്ലൈകോ അധികൃതർ ചർച്ചകൾ നടത്തി.
സംസ്ഥാനത്തെ പ്രമുഖ ഗൃഹോപകരണ ഷോറൂമുകളിൽനിന്ന് ലഭിക്കുന്ന അതേ മാതൃകയിൽ വായ്പാ സൗകര്യം ഒരുക്കുന്നതിനുള്ള നടപടികളാണു സ്വീകരിച്ചുവരുന്നത്. വായ്പാ സൗകര്യം ഒരുക്കാനായാൽ കൂടുതൽ വില്പനയും അതിലൂടെ കൂടുതൽ ലാഭവും നേടാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
കുറഞ്ഞ ഇഎംഐയിൽ കൂടുതൽ കാലത്തേക്ക് വായ്പ നൽകുന്ന കന്പനിയെയാകും തെരഞ്ഞെടുക്കുക. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും വിപണിയിലെ ചൂഷണം അവസാനിപ്പിക്കുന്നതിനുമായി 2019 ഫെബ്രുവരിയിൽ ആരംഭിച്ച ഗൃഹോപകരണ വിപണനമാണ് പുതിയ തലത്തിലേക്ക് എത്തിക്കാൻ അധികൃതർ ശ്രമിക്കുന്നത്.
പ്രാരംഭ ചർച്ചകൾക്കുശേഷം ഏതാനും കന്പനികൾ തങ്ങളുടെ വായ്പാ വിവരങ്ങളും ഇത് ഉപഭോക്താക്കൾക്ക് ലഭിക്കുന്നതിനുള്ള നടപടികളും സംബന്ധിച്ച കാര്യങ്ങൾ സപ്ലൈകോ അധികൃതർക്ക് കൈമാറിയിട്ടുണ്ട്. ഇതു വിശദമായി പഠിക്കുകയാണെന്നും ഉപഭോക്താക്കൾക്ക് കൂടുതൽ നേട്ടം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന കന്പനിയെയാകും തെരഞ്ഞെടുക്കുകയെന്നും അധികൃതർ വിശദീകരിക്കുന്നു.
ഒന്നിൽ കൂടുതൽ കന്പനിയെ തെരഞ്ഞെടുക്കണമോയെന്ന കാര്യവും അധികൃതർ പരിശോധിക്കുന്നുണ്ട്. സംസ്ഥാനത്ത് ഏഴു ജില്ലകളിലായി തെരഞ്ഞെടുത്ത 10 വില്പനശാലകളിലൂടെ ആരംഭിച്ച ഗൃഹോപകരണ വില്പന ചുരുങ്ങിയ നാളുകൾക്കൊണ്ട് ഹിറ്റായതിനെത്തുടർന്നാണ് ലോണ് സൗകര്യവും ഏർപ്പെടുത്താൻ അധികൃതർ ഒരുങ്ങുന്നത്.
എംആർപിയിൽനിന്നു 40 ശതമാനം വരെ കുറഞ്ഞ വിലയിലാണ് സപ്ലൈകോയുടെ ഗൃഹോപകരണ വില്പന. വ്യാപാരം വർധിച്ചതിനെത്തുടർന്ന് കഴിഞ്ഞ ഓണത്തിനും ക്രിസ്മസിനും പ്രത്യേക ഫെയർ നടത്തി. ഏതാനും നാളുകൾക്ക് മുന്പാണ് ചേർത്തലയിൽ ഗൃഹോപകരണ വില്പനയ്ക്കു മാത്രമായി എക്സ്ക്ലൂസീവ് ഷോറൂം ആരംഭിച്ചത്. നാലു മാസത്തിനിടെ വില്പന ഒരു കോടി കടന്ന് മുന്നേറിയ ഗൃഹോപകരണ വിപണിയിൽനിന്ന് തുടക്കത്തിൽ മൂന്നു കന്പനികളുടെ ഗൃഹോപകരണങ്ങളാണു ലഭിച്ചിരുന്നതെങ്കിൽ നിലവിൽ പത്തിലധികം കന്പനികൾ സപ്ലൈകോയുമായി കൈകോർത്തിട്ടുണ്ട്.