കോട്ടയം: പഞ്ചസാരയില്ല, പയറില്ല, പരിപ്പില്ല, ഉഴുന്നില്ല… ഇങ്ങനെ നീളുകയാണ് മാസങ്ങളായി സപ്ലൈകോയുടെ ഇല്ലായ്മയുടെ ലിസ്റ്റ്. സമൃദ്ധിയുടെ നല്ലകാലം ഇനിയെന്നുവരുമെന്ന് സപ്ലൈകോയ്ക്കുമറിയില്ല, ഭരിക്കുന്ന മന്ത്രിക്കുമറിയില്ല. എങ്കില്‍ പിന്നെ ഔട്ട്ലെറ്റ് പൂട്ടിക്കൂടേയെന്ന ജനത്തിന്റെ ചോദ്യം ന്യായമാണ്.
അവശ്യസാധനങ്ങള്‍ അടുത്ത ദിവസം വരാനും വരാതിരിക്കാനും സാധ്യതയുണ്ടെന്നേ സപ്ലൈകോ ഔട്ട്ലെറ്റ്് ജീവനക്കാര്‍ക്ക് പറയാനാകൂ. അരിയും പയറും മുളകും മല്ലിയും ഉഴുന്നും പഞ്ചസാരയുമുള്‍പ്പെടെ 13 അവശ്യസാധനങ്ങള്‍ സബ്സിഡിയില്‍ വില്‍ക്കുന്ന ഔട്ട്ലെറ്റുകളേറെയും മൂന്നു മാസമായി കാലിയാണ്.
ഒന്നോ രണ്ടോ ഇനങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ പലതും പൂത്തതോ പുഴുത്തതോ ആയിരിക്കും. പലവ്യജ്ഞനങ്ങള് എത്തിച്ചിരുന്ന ഏജന്‍സികള്‍ക്ക് കോടികള്‍ കുടിശികയുള്ളതിനാലാണ് ഔട്ട്ലെറ്റുകളിലേക്ക് സാധനങ്ങളുടെ സപ്ലൈ നിലച്ചത്. കടത്തില്‍ മുങ്ങി പാപ്പരായ സംസ്ഥാന സര്‍ക്കാരിന് കുടിശിക വീട്ടാന്‍ പണമില്ല.
കരിഞ്ചന്തയില്‍ കൊള്ളവില കൊടുത്ത് സാധനങ്ങള്‍ വാങ്ങാനാണ് ജനങ്ങളുടെ വിധി. സപ്ലൈകോ ഔട്ട്ലെറ്റുകളില് സ്റ്റോക്കില്ലാത്തതിനാല്‍ ജീവനക്കാര്‍ക്കും കാര്യമായ ജോലിയില്ല.
പ്രതിസന്ധി രൂക്ഷമായതിനാല്‍ സപ്ലൈകോ മൊബൈല്‍ വാനുകളിലും ബോട്ടുകളിലും നടത്തിയിരുന്ന വില്പനയും നിലച്ചു. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്ന് 182 വിതരണക്കാരാണ് സപ്ലൈകോയ്ക്ക് സാധനങ്ങള്‍ എത്തിക്കുന്നത്. നിലവില്‍ 700 കോടി രൂപയാണ് ഇവര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്.
കൂടാതെ കേരളത്തില്‍നിന്ന് സാധനങ്ങള്‍ നല്കുന്ന ചെറുകിട ഏജന്‍സികള്‍ക്ക് 100 കോടിയിലേറെയാണ് കുടിശിക.
സപ്ലൈകോയിലെ വിറ്റുവരുമാനം മറ്റ് ചെലവുകള്‍ക്ക് വക മാറ്റിയതിനാല്‍ വിതരണക്കാര്‍ക്ക് നല്കാന് പണമില്ല.
സാധനങ്ങളുടെ വിതരണം നിര്‍ത്തിയെന്നു മാ ത്രമല്ല പലിശ ഉള്‍പ്പെടെ ആവശ്യപ്പെട്ട് വിതരണക്കാര്‍ ഭക്ഷ്യവകുപ്പിനെതിരേ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
സപ്ലൈകോ വഴി ദിവസേന ശരാശരി 10 കോടി രൂപയുടെ വില്പനയാണ് മുന്പുണ്ടായിരുന്നത്. ഓണക്കാലത്ത് വരുമാനം 40 കോടി വരെ ഉയര്‍ന്നതാണ്.
നിലവില്‍ ഭക്ഷ്യവകുപ്പിന്റെ പിടിപ്പുകേടുമൂലം രണ്ടു കോടിയില്‍ താഴെയാണ് വിറ്റുവരവ്. ജീവനക്കാരുടെ ശന്പളം നല്‍കാനുള്ള തുകയോ കട വാടകയോ നല്‍കാനുള്ള വരവുപോലും സപ്ലൈകോയ്ക്ക് ഇപ്പോഴില്ല.