തുറവൂർ: ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്ന മാവേലി സ്റ്റോറുകളും സപ്ലൈകോ സൂപ്പർമാർക്കറ്റുകളും അവശ്യസാധനങ്ങളുടെ ദൗർലഭ്യം മൂലം പൂട്ടിത്തുടങ്ങി. അരി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ ഇല്ലാത്തതുമൂലം സപ്ലൈകോ മാർക്കറ്റുകളും മാവേലി സ്റ്റോറുകളും ഗ്രാമീ ണമേഖലകളിൽ പല കേന്ദ്രങ്ങളും പൂട്ടിയ നിലയിലാണ്.
സാധനങ്ങൾ വാങ്ങാൻ എത്തുന്ന ജനങ്ങൾ വൻവിലകൊടുത്ത് പൊതു മാർക്കറ്റുകളിൽനിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുകയാണ്. സർക്കാർ പൊതുവിതരണ കേന്ദ്രങ്ങളിലും സപ്ലൈകോ മാർക്കറ്റുകളിലും സബ്സിഡി സാധനങ്ങൾ മാത്രമല്ല മറ്റ് അവശ്യസാധനങ്ങളും ലഭിക്കാത്ത സ്ഥിതിയാണ്.
മുൻപ് സാധനങ്ങൾ നൽകിയ വിതരണക്കാർക്ക് വൻ കുടിശികയാണ് സപ്ലൈകോയിൽനിന്നും മറ്റ് പൊതുവിതരണ കേന്ദ്രങ്ങളിൽനിന്നും ലഭിക്കാനുള്ളത്. ഇതുമൂലം സപ്ലൈകോയ്ക്കും മാവേലി സ്റ്റോറുകൾ, സർക്കാർ പൊതുവിതരണ കേന്ദ്രങ്ങൾ തുടങ്ങിയവയ്ക്കുമുള്ള വിതരണവും കരാറുകാർ നിർത്തിവച്ചിരിക്കുകയാണ്.