തിരുവനന്തപുരം: മാവേലി സ്റ്റോറിൽ സാധനമില്ലെന്ന് പരസ്യപ്പെടുത്തിയ സപ്ലൈകോ മാനേജരെ സസ്പെൻഡ് ചെയ്ത നടപടിയിൽനിന്ന് പിന്നോട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. ജോലി ചെയ്യുന്ന സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്ന കാര്യങ്ങൾ ജീവനക്കാരൻ ചെയ്യാമോയെന്ന് മന്ത്രി ചോദിച്ചു. ‘
പരിശോധിച്ചപ്പോൾ ഏഴ് ഉത്പന്നങ്ങളുടെ സ്റ്റോക്കുണ്ട്. എന്നിട്ടും 13 ഉത്പന്നങ്ങളില്ലെന്ന് എഴുതി വച്ചു. ഈ സ്റ്റോറിലെ സാധനങ്ങൾ വിറ്റുള്ള വരുമാനംകൊണ്ട് ജീവിക്കുന്ന ആളല്ലേ മാനേജർ, എന്നിട്ട് ഇങ്ങനെ ചെയ്യാമോ, സ്വകാര്യ സ്ഥാപനങ്ങളിലാണെങ്കിൽ മാനേജർ ഇങ്ങനെ ചെയ്യുമോ എന്ന് ചോദിച്ച മന്ത്രി സസ്പെൻഡ് ചെയ്ത സർക്കാർ തീരുമാനം തെറ്റെന്ന് ജനങ്ങൾ പറയുമെന്ന് കരുതുന്നില്ലെന്നും അഭിപ്രായപ്പെട്ടു.
സസ്പെൻഷൻ നടപടികൾ ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. സ്റ്റോറിൽ ചില സാധനങ്ങൾ ഇല്ലെന്ന് ബോർഡിൽ എഴുതി പരസ്യപ്പെടുത്തിയ സംഭവത്തെ തുടർന്ന് കോഴിക്കോട് പാളയം മാവേലി സ്റ്റോർ മാനേജർ കെ. നിതിനെയാണ് സസ്പെൻഡ് ചെയ്തത്.
ഇതിന് പിന്നാലെ ഡിപ്പോയിൽ പരിശോധന നടത്തിയപ്പോൾ ഇല്ല എന്ന് പറഞ്ഞ സാധനങ്ങൾ കണ്ടെത്തിയെന്നാണ് സപ്ലൈകോ റീജണല് മാനേജർ ഇറക്കിയ സസ്പെൻഷൻ ഉത്തരവിലെ വിശദീകരണം. ഇതിനു പിന്നാലെയാണ് നിതിൻ ഹൈക്കോടതിയെ സമീപിച്ചത്.
ഓണക്കിറ്റ് സംബന്ധിച്ച വിവാദം അടിസ്ഥാനരഹിതമാണ്. കോവിഡ് സമയത്ത് ഒരോ മാസവും കിറ്റ് കൊടുത്തു. എന്തിന് കിറ്റ് എല്ലാവർക്കും കൊടുത്തു എന്നതായിരുന്നു അന്ന് ചർച്ച.
ഇന്ന് എല്ലാവർക്കും കൊടുക്കാത്തതെന്തിനെന്ന് ചോദിക്കുന്നു. അർഹതപ്പെട്ടവർക്കൊപ്പമാണ് സർക്കാർ. അവരെ കൂടെ നിർത്തുകയാണ് വേണ്ടത്. അതിസമ്പന്നർക്ക് കിറ്റിന്റെ ആവശ്യമില്ലല്ലോയെന്നും മന്ത്രി പറഞ്ഞു.