തിരുവല്ല: സപ്ലൈകോ സ്റ്റോറുകളില്‍ സബ്സിഡി സാധനങ്ങള്‍ക്ക് ക്ഷാമം. മുളക്, വെളിച്ചെണ്ണ, കടല, വന്‍പയര്‍ എന്നിവ സംസ്ഥാനത്തെ ഭൂരിഭാഗം വില്പനശാലകളിലും സ്റ്റോക്കില്ല. സബ്സിഡി ഇനങ്ങളായ മൈദ, സൂചി ഗോതമ്പ്, നിലക്കടല, കുത്തരി, വെളുത്തുള്ളി എന്നിവയ്ക്കും ക്ഷാമം നേരിടുകയാണ്.
സ്ഥിരമായി സപ്ലൈകോ ഔട്ട്ലെറ്റുകളെ ആശ്രയിച്ചിരുന്നവര്‍ ഇതുകാരണം പൊതുവിപണിയെ ആശ്രയിക്കേണ്ടിവരികയാണ്. സബ്സിഡി സാധനങ്ങള്‍ വാങ്ങുന്നതിനുള്ള സപ്ലൈകോയുടെ കരാര്‍ വൈകുന്നതും കരാര്‍ ലഭിച്ച കമ്പനികള്‍ യഥാസമയം സാധനങ്ങള്‍ എത്തിക്കാത്തതുമാണ് സപ്ലൈകോ സ്റ്റോറുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്നത്.
കാര്‍ഡ് ഒന്നിന് അഞ്ച് കിലോ അരിയും ഒരു കിലോ പഞ്ചസാരയും ഉള്‍പ്പെടെ ലഭിക്കുമെന്നതിനാല്‍ സാധാരണക്കാര്‍ക്ക് ഏറെ ആശ്രയമായിരുന്നു സബ്സിഡി ഇനങ്ങള്‍. സാധനങ്ങള്‍ ആവശ്യത്തിനു ലഭിക്കാത്തതിനാല്‍ സപ്ലൈകോയിലെ ദിവസവേതന, പായ്ക്കിംഗ് തൊഴിലാളികളുടെ ജീവിതവും ദുരിതത്തിലാണ്.
കച്ചവടം കുറവായതിനാല്‍ പല തൊഴിലാളികള്‍ക്കും ജോലിയില്ലാത്ത അവസ്ഥയാണ്. പായ്ക്കിംഗ് തൊഴിലാളികള്‍ക്ക് സാധനം ചെലവാകുന്നതിന് അനുസരിച്ചാണ് കൂലി. ഒരു പായ്ക്കിന് 1.04 രൂപയാണ് കൂലിയായി ലഭിക്കുക.
ഇപ്പോള്‍ സാധങ്ങള്‍ കുറവായതുകൊണ്ട്, ഇവര്‍ക്ക് പായ്ക്കിംഗ് ജോലികളും കുറവാണ്. ദിവസ വേതനക്കാര്‍ക്ക് 500 രൂപയാണ് ഒരു ദിവസം കൂലിയായി ലഭിക്കുക. ഒന്നര മാസത്തോളമായി സാധനങ്ങളുടെ ലഭ്യത കുറയാന്‍ തുടങ്ങിയിട്ടെന്ന് ജീവനക്കാര്‍ പറയുന്നു.
ഡിപ്പോകള്‍ക്ക് പ്രദേശികമായി സാധനങ്ങള്‍ വാങ്ങാനുള്ള അധികാരം നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൊച്ചിയിലുള്ള കേന്ദ്ര ഓഫീസില്‍ നിന്ന് നേരിട്ട് സാധനങ്ങള്‍ എത്തിക്കുകയാണ്.