റാന്നി: സപ്ലൈകോ സ്റ്റോറുകളിലും ഔട്ട്ലറ്റുകളിലും അരിയും പല വ്യഞ്ജനങ്ങളും ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങൾക്ക് കടുത്ത ക്ഷാമം. കൂടുതൽ കുടുംബങ്ങളും ഉപയോഗിച്ചു വരുന്ന വെള്ളയരി മിക്ക സപ്ലൈകോ സ്റ്റോറുകളിലും തീർന്നിട്ട് ആഴ്ചകളായി. ഇതു മൂലം വൻ വില നൽകി സ്വകാര്യ വിപണികളിൽ നിന്ന് അരി വാങ്ങാൻ ആളുകൾ നിർബന്ധിതരാകുന്നു. മിക്കയിടങ്ങളിലും കുത്തരി സ്റ്റോക്കുണ്ടെങ്കിലും ആവശ്യക്കാർ കുറവാണ്.
മാത്രമല്ല സപ്ലൈകോയിലും മാവേലി സ്റ്റോറുകളിലുമെത്തുന്ന സബ്സിഡി നിരക്കിലുള്ള കുത്തരി ഗുണനിലവാരം കുറഞ്ഞതും പെട്ടന്ന് വെന്ത് പോകുന്നതുമാണെന്നാണ് ഉപയോക്താക്കൾ പറയുന്നത്. റേഷൻ കടകളിൽ നിന്നും ലഭിക്കുന്ന അതേ കുത്തരിക്ക് സപ്ലൈകോ , മാവേലി സ്റ്റോറുകളിൽ ഉയർന്ന വില നൽകി വാങ്ങാൻ ആളുകൾ തയാറാകുന്നില്ല.
വെള്ളയരിക്ക് ആവശ്യക്കാരേറുന്നതോടെ സ്റ്റോക്ക് പരിമിതമാവുകയാണ്.
വെള്ളയരി ഓരോ കാർഡുടമയ്ക്കും നിശ്ചിത കിലോഗ്രാം തൂക്കത്തിന് സബ്സിഡി നിരക്കിലുള്ള വിലക്ക് ലഭിക്കും.
സബ്സിഡി വില കണക്കാക്കുന്പോൾ സ്വകാര്യ മാർക്കറ്റിലുള്ളതിനേക്കാൾ വളരെ വിലക്കുറവിൽ കാർഡുടമകൾക്ക് ലഭ്യമാക്കാൻ കഴിയുമെന്നതാണ് നേട്ടം. എന്നാൽ സപ്ലൈകോ കടകളിൽ അരി ലഭ്യമാക്കേണ്ട ഡിപ്പോകളിൽ പോലും അരി എത്തിയിട്ടില്ലെന്നാണ് വിവരം.
അരിക്കൊപ്പം നിത്യോപയോഗ സാധനങ്ങളായ പിരിയൻ മുളക്, മല്ലി, ചെറുപയർ, ശർക്കര, വൻപയർ എന്നിവയൊന്നും ഏതാനും ആഴ്ചകളായി ലഭിക്കുന്നില്ലെന്നാണ് പരാതി. സപ്ലൈകോ സ്റ്റോറുകളിൽ നിന്നും ലഭിക്കുന്ന പല നിത്യോപയോഗ സാധനങ്ങൾക്കും വേണ്ടത്ര ഗുണനിലവാരമില്ലെന്ന പരാതി നിലനിൽക്കുന്പോഴാണ് ജനപ്രിയ ഇനങ്ങൾക്ക് ഇപ്പോഴത്തെ കടുത്ത ക്ഷാമം അനുഭവപ്പെടുന്നത്.