കൊല്ലം: സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ശബരി ഉത്പന്നങ്ങളുടെ വിൽപന കുത്തനെ ഇടിഞ്ഞതിനാൽ മാവേലി സ്റ്റോറുകളിൽ മറ്റ് ബ്രാന്റുകളുടെ വിൽപ്പനയ്ക്ക് നിരോധനം. ശബരി അല്ലാത്ത മറ്റ് ബ്രാൻഡ് ഉത്പന്നങ്ങൾ ഒന്നും ജൂലെ ഒന്നു മുതൽ മാവേലി സ്റ്റോറുകളിൽ വിൽക്കില്ല. ഇതു സംബന്ധിച്ച സപ്ലൈക്കോ മാനേജിംഗ് ഡയറക്ടറുടെ നിർദേശം റീജണൽ മാനേജർമാർ, ഡിപ്പോ മാനേജർമാർ, ഔട്ട്ലെറ്റ് ഇൻ ചാർജുമാർ എന്നിവർക്ക് ലഭിച്ചു കഴിഞ്ഞു.
ജൂൺ ഒന്നു മുതൽ ഡിപ്പോകളിൽ നിന്ന് മറ്റ് ബ്രാൻഡ് ഉത്പന്നങ്ങൾ മാവേലി സ്റ്റോറുകൾക്ക് കൈമാറാനോ ട്രാൻസ്ഫർ ചെയ്യാനോ പാടില്ലെന്നും നിർദേശത്തിൽ പറയുന്നു.മാവേലി സ്റ്റോറുകൾ, സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ, പീപ്പിൾസ് ബസാറുകൾ, ഹൈപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ ശബരി ബ്രാൻഡ് ഉത്പന്നങ്ങളുടെ വിൽപ്പനയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ഗണ്യമായ കുറവ് ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
മാത്രമല്ല എല്ലായിടത്തും ശബരി ബ്രാൻഡ് ഉത്പന്നങ്ങൾ ആവശ്യത്തിന് സ്റ്റോക്കില്ല എന്ന വിവരവും പരിശോധനയിൽ അധികൃതർക്ക് ബോധ്യപ്പെട്ടു.സബ്സിഡി നിരക്കിൽ ശബരി ബ്രാൻഡിൽ വിൽക്കുന്ന അഗ്മാർക്ക് വെളിച്ചെണ്ണ മാത്രമാണ് എല്ലായിടത്തും കൂടുതൽ വിൽപ്പന നടക്കുന്നത്. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, കാപ്പിപ്പൊടി, സാമ്പാർപൊടി, അരി, സോപ്പ് അടക്കം 85 ഇനം സാധനങ്ങളാണ് സപ്ലൈക്കോയ്ക്ക് ശബരി ബ്രാൻൻഡിൽ ഉള്ളത്. ജൂലൈ ഒന്നു മുതൽ മറ്റ് ബ്രാൻഡുകളുടെ ഇത്തരം ഉത്പന്നങ്ങൾ മാവേലി സ്റ്റോറുകളുടെ പടിക്ക് പുറത്താകും.
അതേ സമയം ശബരി ബ്രാൻഡുകളുടെ ലഭ്യത ആവശ്യാനുസരണം ഉണ്ടെന്ന് ഉറപ്പുവരുത്തി സൂപ്പർമാർക്കറ്റ്, പീപ്പിൾസ് ബസാർ, ഹൈപ്പർമാർക്കറ്റ് എന്നിവിടങ്ങളിൽ മറ്റ് ബ്രാൻഡ് ഉത്പന്നങ്ങൾ വിൽക്കാം. ഇവിടങ്ങളിൽ ശബരി ഉത്പന്നങ്ങളുടെ വിൽപ്പന പരമാവധി വർധിപ്പിക്കണമെന്നും എംഡിയുടെ നിർദേശത്തിലുണ്ട്.കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് ശബരി ഉത്പന്നങ്ങളുടെ ലഭ്യതയും വിൽപ്പനയും കൂടുതൽ ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
എല്ലാ സ്റ്റോറുകളിൽ നിന്നും ഔട്ട്ലെറ്റുകളിൽ നിന്നും ശബരി ഉത്പന്നങ്ങൾക്ക് ഇൻഡന്റ് കൃത്യമായി ലഭിക്കുന്നുവെന്ന് ഡിപ്പോയുടെ ചുമതലയുള്ളവർ ഉറപ്പ് വരുത്തുകയും വേണം.ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ ഉത്സവ സീസണുകളിലും മറ്റും മാവേലി സ്റ്റോറുകളിൽ ശബരി ബ്രാൻഡ് ഉത്പന്നങ്ങൾ യഥേഷ്ടം സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പാക്കേണ്ടതും ഡിപ്പോ അധികൃതരുടെ ചുമതലയാണ്. ശബരി ബ്രാൻഡ് സ്റ്റോക്കിന്റെ ചുമതലയുള്ളവർ, ജൂനിയർ മാനേജർമാർ, ഡിപ്പോ മാനേജർമാർ എന്നിവർ എല്ലാ സ്റ്റോറുകളിൽ നിന്നും ആവശ്യാനുസരണം ഇൻഡന്റ് ലഭിച്ചു എന്ന് കൃത്യമായി പരിശോധിച്ച് സ്റ്റോക്കിന്റെ കാര്യവും ഉറപ്പ് വരുത്തേണ്ടതുണ്ട്.
ശബരി ഉത്പന്നങ്ങളുടെ പ്രതിമാസ വിലനിലവാരം എല്ലാ ഔട്ട്ലെറ്റുകളിലും ഉപഭോക്താക്കൾ ശ്രദ്ധിക്കുന്ന തരത്തിൽ പ്രദർശിപ്പിക്കുകയും വേണം.ഡിപ്പോകളിൽനിന്നുള്ള ഇൻഡന്റ് അനുസരിച്ച് മാത്രമേ ബ്രാൻഡഡ് ഉത്പന്ന ഡിവിഷനിൽ നിന്ന് പ്രതിമാസ പർച്ചേയ്സ് ഓർഡർ അനുവദിക്കാൻ പാടുള്ളൂ എന്നും നിർദേശത്തിൽ വ്യവസ്ഥയുണ്ട്.പുതിയ നിർദേശങ്ങൾ നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സോഫ്റ്റ് വെയറിലും അടിയന്തര മാറ്റങ്ങൾ വരുത്തുകയും വേണം.
എസ്.ആർ. സുധീർ കുമാർ