റോബിൻ ജോർജ്
കൊച്ചി: സപ്ലൈകോ വിൽപ്പനശാലകളിൽനിന്നു സബ്സിഡി സാധനങ്ങളോടൊപ്പം ഉപഭോക്താക്കൾ നോണ്‍ സബ്സിഡി സാധനങ്ങളും വാങ്ങണമെന്നു നിർബന്ധിച്ച് ജീവനക്കാർ. സപ്ലൈകോ ഉദ്യോഗസ്ഥരുടെ നിർദേശമെന്ന പേരിൽ നടക്കുന്ന വിൽപ്പനയിൽ ഉപഭോക്താക്കളും ജീവനക്കാരും വാക്കുതർക്കത്തിൽ ഏർപ്പെടുന്നതും നിത്യസംഭവം. ഇതുസംബന്ധിച്ച തർക്കം മുറുകുന്നതിനിടെ സബ്സിഡി സാധനങ്ങൾക്കൊപ്പം ഉപഭോക്താക്കൾ നോണ്‍ സബ്സിഡി സാധനങ്ങളും വാങ്ങി സഹകരിക്കണമെന്ന് അഭ്യർത്ഥിച്ച് സപ്ലൈകോ അധികൃതരും രംഗത്തെത്തി.
ഇതുസംബന്ധിച്ച നോട്ടീസ് സംസ്ഥാനത്തെ മുഴുവൻ സപ്ലൈകോ വില്പന ശാലകളിലും പതിപ്പിച്ചു തുടങ്ങി. സബ്സിഡി സാധനങ്ങൾക്കൊപ്പം നോണ്‍ സബ്സിഡി സാധനങ്ങൾ നിർബന്ധപൂർവം വാങ്ങിപ്പിക്കുന്നതായി ഉപഭോക്താക്കളുടെ ഭാഗത്തുനിന്നു ശക്തമായ ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണു നോണ്‍ സബ്സിഡി സാധനങ്ങൾ വാങ്ങണമെന്ന കാര്യം നോട്ടീസായി പതിപ്പിക്കാൻ സപ്ലൈകോ മാർക്കറ്റിംഗ് മാനേജർ ആവശ്യപ്പെട്ടിട്ടുള്ളത്. എല്ലാ റീജിയണൽ മാനേജർമാർക്കും ഡിപ്പോ മാനേജർമാർക്കുമാണു ഇതുസംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്.
നിലവിൽ, സപ്ലൈകോ വിൽപ്പനശാലകളിലെത്തുന്ന ഉപഭോക്താക്കളോട് സബ്സിഡി സാധനങ്ങളോടൊപ്പം നോണ്‍ സബ്സിഡി സാധനങ്ങളും വാങ്ങണമെന്ന് ആവശ്യപ്പെട്ടാൽ ഒൗട്ട്ലറ്റ് മാനേജർമാരായും ജീവനക്കാരുമായും ഉപഭോക്താക്കൾ തർക്കത്തിൽ ഏർപ്പെടുന്നതും പതിവായിരുന്നു. സബ്സിഡി സാധനങ്ങൾക്കൊപ്പം നോണ്‍ സബ്സിഡി സാധനങ്ങളും നൽകണമെന്ന നിർദേശമുണ്ടെന്നു ജീവനക്കാർ അറിയിച്ചാൽ ഉത്തരവ് കാട്ടാനാകും ഉപഭാക്താക്കളുടെ ആവശ്യം. എന്നാൽ, ഉന്നത ഉദ്യോഗസ്ഥരുടെ വാക്കാൽ മാത്രമുള്ള ഇത്തരം നിർദേശം ഉപഭോക്താക്കളുടെ മുന്നിൽ പ്രദർശിപ്പിക്കാൻ കഴിയാതെ ജീവനക്കാർ കുഴങ്ങുന്നതും പതിവായിരുന്നു.
ഇതുസംബന്ധിച്ച് ജീവനക്കാരുടെ ഭാഗത്തുനിന്നും ഉയർന്ന ആവശ്യവും പരിഹണിച്ചാണു സബ്സിഡി സാധനങ്ങൾക്കൊപ്പം നോണ്‍ സബ്സിഡി സാധനങ്ങളും വാങ്ങി സഹകരിക്കണമെന്ന നോട്ടീസ് വിൽപ്പനശാലകളിൽ പതിപ്പിക്കാൻ സപ്ലൈകോ അധികൃതർ ആവശ്യപ്പെട്ടിട്ടുള്ളത്. നോട്ടീസ് പതിക്കുന്നതോടെ ഇതുസംബന്ധിച്ച് ഉപഭോക്താക്കളുമായുള്ള വാക്കുതർക്കത്തിനു പരിഹാരമാകുമെന്നാണു ജീവനക്കാരുടെയും പ്രതീക്ഷ.
സബ്സിഡി സാധനങ്ങൾ വാങ്ങാനെത്തുന്ന ഉപഭോക്താക്കൾക്കുമേൽ നോണ്‍ സബ്സിഡി സാധനങ്ങൾ നിർബന്ധ പൂർവം അടിച്ചേൽപിക്കുന്നതു സപ്ലൈകോയുടെ നയമല്ലെന്നു നോട്ടീസിൽ വ്യക്തമാക്കുന്നു. എന്നാൽ, ഈ ഇനങ്ങളുടെ വിൽപ്പനകൂടി സാധ്യമായാലേ സപ്ലൈകോയ്ക്ക് നിലനിൽപ്പുള്ളൂവെന്നും അതിനാൽ ഉപഭോക്താക്കളുടെ നിസീമമായ സഹകരണം ഉണ്ടാകേണ്ടതാണെന്നുമാണു നോട്ടീസിൽ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 1500 ൽപരം വിൽപന ശാലകളിലൂടെ പൊതുവിപണിയേക്കാൾ 10 ശതമാനം മുതൽ വിലക്കുറവിൽ 14 ഇനം അവശ്യ സാധനങ്ങളാണു സബ്സിഡി നിരക്കിൽ സപ്ലൈകോ വിൽപന നടത്തുന്നത്. കൂടാതെ നോണ്‍ സബ്സിഡി നിരക്കിലുള്ള അവശ്യ വസ്തുക്കളും ഫാസ്റ്റ് മൂവിംങ് കണ്‍സ്യൂമർ ഗുഡ്സ് (എഫ്എംസിജി) ഉത്പന്നങ്ങളും സപ്ലൈകോ വിൽപ്പന നടത്തിവരുന്നുണ്ട്.
സബ്സിഡി ഇനങ്ങൾക്കൊപ്പം നോണ്‍ സബ്സിഡി സാധനങ്ങൾ വാങ്ങാൻ ഉപഭോക്താക്കളെ നിർബന്ധിക്കില്ലെന്നു സപ്ലൈകോ അധികൃതർ വ്യക്തമാക്കുന്പോഴും സംസ്ഥാനത്തെ മിക്ക വിൽപ്പനശാലകളിലും സബ്സിഡി സാധനങ്ങൾ മാത്രമായി ഉപഭോക്താക്കൾക്കു ലഭിക്കുന്നില്ലെന്നതാണു സത്യം.