റോബിൻ ജോർജ്
കൊച്ചി: വില്പനശാലകളിൽ ആവശ്യത്തിനു സാധനങ്ങളില്ലെങ്കിലും ജീവനക്കാർക്ക് യൂണിഫോം ഏർപ്പെടുത്തി സപ്ലൈകോ. വില്പന ശാലകളിലെ ഡിസ്പ്ലേ, ബില്ലിംഗ്, പാക്കിംഗ് ജീവനക്കാർ എന്നിവർക്കാണു യൂണിഫോം നിർബന്ധമാക്കിയിട്ടുള്ളത്. കഴിഞ്ഞ ഒന്നു മുതൽ യൂണിഫോം നിർബന്ധമാക്കണമെന്നായിരുന്നു നിർദേശമെങ്കിലും പലയിടങ്ങളിലും നടപ്പിലായിട്ടില്ല.
സൂപ്പർ മാർക്കറ്റ്, പീപ്പിൾസ് ബസാർ, ഹൈപ്പർ മാർക്കറ്റ് എന്നിവിടങ്ങളിലെ ഡിസ്പ്ലേ ജീവനക്കാർ സ്ലീവ്ലെസ് ഓവർക്കോട്ട്(കോട്ടണ്‍/ ടെറികോട്ടണ്‍) സാധാരണ വസ്ത്രത്തിന് മുകളിലായി ധരിക്കണമെന്നമെന്നാണു നിർദേശം. ഡാർക്ക് ഗ്രീൻ കളറിലുള്ളതാണ് യൂണിഫോം.
പാക്കിംഗ് ജീവനക്കാർ സാധനങ്ങൾ പായ്ക്ക് ചെയ്യുന്ന സമയത്ത് വർക്കിംഗ് ക്യാപും മാസ്കും ധരിക്കണമെന്നും നിർദേശമുണ്ട്. രണ്ട് ഓവർക്കോട്ടും വർക്കിംഗ് ക്യാപ്, മാസ്ക് എന്നിവയും വിൽപ്പനശാലകളിലെ ജോലിക്കാരുടെ എണ്ണത്തിന് അനുസരിച്ച് ഡിപ്പോ തലത്തിൽ വാങ്ങി നൽകണം.
ഇവ സ്പോണ്‍സർഷിപ്പ് മുഖേന വാങ്ങാൻ കഴിയുമെങ്കിൽ ഇത്തരത്തിൽ ക്രമീകരിക്കാം. ഇങ്ങനെ ക്രമീകരിക്കുന്ന പക്ഷം സ്പോണ്‍സറുടെ ലോഗോ ഓവർക്കോട്ടിന്റെ പുറകുവശത്തും മാസ്ക്, വർക്കിംഗ് ക്യാപ് എന്നിവയുടെ മുകളിലും സപ്ലൈകോ ലോഗോയോടൊപ്പം പതിക്കാനും അനുവാദമുണ്ട്. ഡിപ്പോ തലത്തിൽ വാങ്ങി നൽകേണ്ട സാഹചര്യം സംജാതമായാൽ പ്രദേശിക ക്വട്ടേഷൻ വഴി വാങ്ങി നൽകണം.
ഇങ്ങനെ കണ്ടെത്തുന്പോൾ ഒരു ഓവർക്കോട്ടിന് 450 രൂപയിൽ കൂടുതൽ ചെലവഴിക്കാൻ പാടില്ലെന്നും എല്ലാ വകുപ്പ് മേധാവികൾക്കും മേഖലാ മാനേജർമാർക്കും ഡിപ്പോ മാനേജർമാർക്കും ഔട്ട്ലെറ്റ് ഇൻ ചാർജുമാർക്കും ലഭിച്ചിരിക്കുന്ന ഉത്തരവിൽ വ്യക്തമാക്കുന്നു.
യൂണിഫോം ധരിക്കാത്തതുകൊണ്ട് ഉപഭോക്താക്കൾക്ക് ജീവനക്കാരെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകുന്നുവെന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ് യൂണിഫോം നിർബന്ധമാക്കുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്. ഔട്ട്ലെറ്റുകളിൽ മുളക്, മല്ലി, ജയ അരി തുടങ്ങിയ സാധനങ്ങൾ ആവശ്യത്തിന് ലഭ്യമല്ലാതായിട്ട് നാളുകളായി.
ഈ പ്രതിസന്ധി പരിഹരിക്കുന്നതിനു പകരം പുതിയ നിർദേശങ്ങൾ പുറപ്പെടുവിക്കുന്നതിനെതിരേ ഒരു വിഭാഗം ജീവനക്കാരുടെ ഭാഗത്തുനിന്ന് വലിയ എതിർപ്പാണ് ഉയരുന്നത്. സാധനങ്ങളില്ലാത്തതിനാൽ ഉപഭോക്താക്കളും ജീവനക്കാരും തമ്മിൽ പലപ്പോഴും വാക്കുതർക്കംവരെ ഉണ്ടാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.