കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: വിലക്കയറ്റത്തിൽ ജനം പൊറുതിമുട്ടുന്പോൾ, സപ്ലൈകോ മാവേലി സ്റ്റോറുകളിൽ അവശ്യസാധന ക്ഷാമം. അരിയും പയറും മുളകും ഉഴുന്നും വെളിച്ചെണ്ണയും അടക്കം സബ്സിഡി നിരക്കിൽ ജനങ്ങൾക്കു നൽകേണ്ട 14 അവശ്യസാധനങ്ങളിൽ രണ്ടോ മൂന്നോ ഇനങ്ങൾ മാത്രമാണു മിക്കയിടങ്ങളിലും വിതരണം ചെയ്യുന്നത്.
സംസ്ഥാന സർക്കാർ നേരിടുന്ന ഗുരുതരമായ സാന്പത്തിക പ്രതിസന്ധിയും സാധനങ്ങൾ വാങ്ങാനുള്ള ഇ- ടെൻഡർ നടപടി വൈകിയതുമാണു മാവേലി സ്റ്റോറുകളും സൂപ്പർ മാർക്കറ്റുകളും അടക്കമുള്ള സപ്ലൈകോ ഒൗട്ട്ലെറ്റുകളിൽ അവശ്യ സാധന ക്ഷാമത്തിന് ഇടയാക്കിയത്.
പച്ചരി കാണാനില്ല
കഴിഞ്ഞ നവംബർ മാസത്തിൽ ഭൂരിഭാഗം ഗുണഭോക്താക്കൾക്കും അരിയും വെളിച്ചെണ്ണയും ഉഴുന്നും പയറും മുളകുമടക്കമുള്ള അവശ്യസാധനങ്ങൾ സപ്ലൈകോ ഒൗട്ട്ലെറ്റുകൾ വഴി ലഭിച്ചില്ല. പച്ചരിയാകട്ടെ ഏറെ നാളായി കിട്ടുന്നില്ല.
പൊതുവിപണിയിൽ അരിയുടെയും ഉഴുന്നിന്റെയും പയറിന്റെയും വെളിച്ചെണ്ണയുടെയും വില കുതിച്ചുയരുന്പോഴാണു സബ്സിഡി നിരക്കിൽ ജനങ്ങൾക്കു തുണയാകേണ്ട സർക്കാർ സംവിധാനങ്ങൾ നിശ്ചലമായത്. വിപണിയിൽ വില കുതിച്ചുയരുന്ന സവാളയും ഉള്ളിയും ന്യായമായ വിലയ്ക്കു സാധാരണക്കാർക്കു ലഭ്യമാക്കുമെന്ന അധികൃതരുടെ ആവർത്തിച്ചുള്ള പ്രഖ്യാപനങ്ങളും നടപ്പായില്ല.
സാന്പത്തിക പ്രതിസന്ധി
സംസ്ഥാനം നേരിടുന്ന കടുത്ത സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് സബ്സിഡി സാധനങ്ങൾ, മുൻ മാസങ്ങളിൽ വിറ്റഴിച്ചതിന്റെ സ്റ്റോക്ക് എടുത്ത ശേഷം ഒൗട്ട്ലെറ്റുകളിൽ എത്തിച്ചാൽ മതിയെന്ന സർക്കാർ നിലപാടും അവശ്യസാധന ലഭ്യതയെ ബാധിച്ചു. അവശ്യസാധനങ്ങൾ വാങ്ങാനായി കഴിഞ്ഞ നവംബർ അഞ്ചിനു നടക്കേണ്ട ഇ- ടെൻഡർ നടപടികൾ വിജിലൻസ് കമ്മീഷൻ നിബന്ധനകൾ പ്രകാരം 22 ലേക്കു നീട്ടിയതും അവശ്യസാധന വിതരണത്തെ പ്രതികൂലമായി ബാധിച്ചതായി സപ്ലൈകോ അധികൃതർ പറയുന്നു.
അഞ്ചിനു സാധനം വാങ്ങാനുള്ള ടെൻഡർ നടപടി സ്വീകരിച്ചിരുന്നെങ്കിൽ നവംബർ അവസാന വാരം ഒൗട്ട്ലെറ്റുകളിൽ സാധനം എത്തിക്കാൻ കഴിയുമായിരുന്നുവത്രേ. മുഖ്യമന്ത്രിയും മന്ത്രിമാരും ഗവണ്മെന്റ് സെക്രട്ടറിമാരും അടക്കമുള്ളവർ ആഴ്ചകളായി വിദേശ പര്യടനത്തിലായതിനാൽ യഥാസമയം നിർദേശങ്ങൾ നൽകാനാകാത്തതും പ്രതിസന്ധി ഗുരുതരമാക്കി.
കഴിഞ്ഞ സെപ്റ്റംബർ വരെ സബ്സിഡി നിരക്കിൽ സാധനങ്ങൾ വിതരണം ചെയ്തതിനുള്ള 134 കോടി രൂപയാണു സപ്ലൈകോയ്ക്കു മാത്രം ധനവകുപ്പു നൽകാനുള്ളത്. ഇതിനു ശേഷമുള്ള രണ്ടു മാസങ്ങൾകൂടി കണക്കാക്കുന്പോൾ, കിട്ടാനുള്ള കോടികൾ ഇനിയും ഉയരും. പണം നൽകാതായാൽ സാധനം വാങ്ങുന്നതിനെയും ഇതു ഗുരുതരമായി ബാധിക്കും.
വൻ വിലക്കയറ്റം
പൊതുവിപണിയിൽ അവശ്യസാധനങ്ങൾക്കെല്ലാം നടുവൊടിക്കുന്ന വിലക്കയറ്റമാണ്. അരിവില കിലോഗ്രാമിന് 37- 38 രൂപയായി ഉയർന്നു. സപ്ലൈകോ വഴി തെക്കൻ കേരളത്തിൽ ജയയും മറ്റിടങ്ങളിൽ കുറവ ഇനത്തിലുമുള്ള അരി 25 രൂപ നിരക്കിൽ റേഷൻ കാർഡുടമകൾക്ക് അഞ്ചു കിലോഗ്രാം വീതവും 33 രൂപ നിരക്കിൽ ആവശ്യാനുസരണവും നൽകി വന്നിരുന്നു. മട്ട അരി 24 രൂപയ്ക്കാണു വിതരണം നടത്തിയിരുന്നത്.
നവംബർ പകുതിയോടെ മിക്കയിടത്തും സ്റ്റോക്ക് തീർന്നു. വെളിച്ചെണ്ണയും പയറും മുളകും മല്ലിയും ഉഴുന്നുമൊക്കെ ഇതേ അവസ്ഥയിലാണ്. ഉഴുന്നിനു വില കുത്തനെ ഉയർന്നതോടെ ഇ-ടെൻഡർ വഴി വരുംമാസങ്ങളിലും ലഭ്യമാക്കാൻ കഴിയുമോയെന്ന സംശയം സപ്ലൈകോ അധികൃതർക്കുണ്ട്. ഉഴുന്ന് 60 രൂപ നിരക്കിലാണ് മാവേലി സ്റ്റോറുകളിൽ വിതരണം ചെയ്തിരുന്നത്.
സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ നൽകുന്ന സാധനങ്ങളും അവയുടെ വിലയും ചുവടെ:
ചെറുപയർ- 69, ഉഴുന്ന് (ബോൾ)- 60, വൻകടല- 42, വൻപയർ- 45, തുവരപ്പരിപ്പ്- 62, മുളക്- 75, മല്ലി- 82, പഞ്ചസാര- 22, വെളിച്ചെണ്ണ (അരലിറ്റർ)- 46, ജയഅരി ആന്ധ്ര- 25, ആന്ധ്ര ഇതര ജയ അരി- 25, കുറുവ അരി- 25, മട്ട അരി- 24, പച്ചരി- 23.