തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷം എല്ലാ പിന്തുണയും നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങാൻ അദ്ദേഹം യുഡിഎഫ് പ്രവർത്തകരോട് ആഹ്വാനം ചെയ്തു. രോഗവ്യാപനവുമായി ബന്ധപ്പെട്ട് അനാവശ്യ പരിഭ്രാന്തികൾ പരത്തുന്നത് ഒഴിവാക്കണം.
ഇക്കാര്യം മാധ്യമങ്ങളും സർക്കാരും ശ്രദ്ധിക്കണം. ജനങ്ങളുടെ സഹകരണത്തോടെയാവണം പ്രതിരോധ നടപടികൾ. ബഡായി അടിക്കാനുള്ള അവസരമാക്കാതെ പ്രതിപക്ഷ അഭിപ്രായങ്ങൾ കൂടി പരിഗണിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാരിന്റെ തെറ്റായ വാക്സിൻ നയം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനങ്ങൾക്ക് സൗജന്യമായി തന്നെ വാക്സിൻ നൽകാൻ കേന്ദ്ര തയാറാകണം.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.