കോഴിക്കോട്: പോലീസുകാരുടെ ജോലിയിലെ മാനസിക സമ്മർദം കുറയ്ക്കാനുള്ള നടപടികള്‍ കൂടുതല്‍ ജില്ലകളിലേക്ക്. ആരോഗ്യം, ജോലി, കുടുംബം എന്നിവയുമായി ബന്ധപ്പെട്ട് രൂപീകരിക്കുന്ന സപ്പോര്‍ട്ടിംഗ് കമ്മിറ്റികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും.
പോലീസുകാര്‍ക്കിടയില്‍ ആത്മഹത്യ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. അതാത് സിറ്റി, ജില്ലാ പരിധികളിൽ സപ്പോര്‍ട്ടിംഗ് കമ്മിറ്റികൾ രൂപീകരിക്കണമെന്ന് ആഭ്യന്തരവകുപ്പ് നേരത്തെ നിര്‍ദേശിച്ചിരുന്നു. കൊച്ചി സിറ്റി പോലീസും ആലപ്പുഴ ജില്ലാ പോലീസും കമ്മിറ്റികൾ രൂപീകരിച്ചു കഴിഞ്ഞു.
പോലീസുകാർക്കിടയിൽ ജോലിഭാരം കൂടുന്നുവെന്നും ഇതിനാലുണ്ടാകുന്ന മാനസിക സമ്മർദം മൂലമാണ് ആത്മഹത്യകളെന്നും വ്യാപക വിമർശനമുയർന്നതോടെയാണ് ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ. ജോലിയോടൊപ്പം തന്നെ വ്യക്തിജീവിതവും കുടുംബത്തിന്റെ ജീവിതവും മെച്ചപ്പെട്ട രീതിയിൽ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നതിനായി മാർഗനിർദേശം നൽകുകയാണ് കമ്മിറ്റികളുടെ പ്രധാന ചുമതല.
ഉദ്യോഗസ്ഥരുടെ ആരോഗ്യം, ജോലി, കുടുംബം എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യും. ജോലിസ്ഥലങ്ങളിൽ അനുഭവിക്കേണ്ടി വരുന്ന മാനസിക സമ്മർദങ്ങളെ അതിജീവിക്കുന്നതിന് ആവശ്യമായ മാനസിക പിന്തുണ നൽകണം.
ജോലിയുടെ ഭാഗമായി ശിക്ഷണ നടപടികൾ നേരിടേണ്ടി വരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുടെ ആശങ്കകൾ പരിഹരിക്കുകയും അവർക്കാവശ്യമായ സഹായം നൽകുകയും വേണമെന്നാണ് നിർദേശം. പോലീസില്‍ കഴിഞ്ഞ അഞ്ചര വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 81 പേരാണ്. ഈ മാസം മാത്രം അഞ്ച് പേർ ആത്മഹത്യ ചെയ്ത സംഭവവും ഉണ്ടായി.
സ്വന്തം ലേഖകന്‍