സോഷ്യല്‍മീഡിയയുടെ കരുത്തില്‍ മറ്റൊരു സമരം കൂടി ജനം ഏറ്റെടുക്കുന്നു. പോലീസ് കസ്റ്റഡിയില്‍ കൊല ചെയ്യപ്പെട്ട അനുജന്റെ ഘാതകരായ പോലീസുകാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത് നടത്തുന്ന സമരത്തിനാണ് സോഷ്യല്‍മീഡിയ ഇരുകൈയും ചേര്‍ത്തുപിടിച്ച് മുന്നോട്ടുവരുന്നത്. ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് എന്ന ഹാഷ്ടാഗിലാണ് ഓണ്‍ലൈന്‍ ക്യാമ്പയിന്.
സെക്രട്ടറിയേറ്റിന് മുന്നില്‍ ശ്രീജിത്ത് നടത്തുന്ന അനിശ്ചിതകാല സമരം 762 ദിവസങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ വന്ന ശ്രീജിത്തിന്റെ ചിത്രങ്ങളാണ് സമരം ജനകീയമാകാന്‍ കാരണം. സംവിധായകന് സനല്‍കുമാര്‍ ശശിധരന് ഉള്‍പ്പെടെയുള്ളവര്‍ ശ്രീജിത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.
കഴിഞ്ഞ ഒരു മാസമായി നിരാഹാര സത്യാഗ്രഹത്തിലാണ് ഇയാള്‍. നീതിക്കു വേണ്ടിയുള്ള ഇയാളുടെ പോരാട്ടം അധികൃതര്‍ തുടര്‍ച്ചയായി അവഗണിച്ച സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ സുഹൃത്തുക്കളുടെ ഇടപെടല്‍. 2014 മെയ് 21നാണ് ശ്രീജിത്തിന്റെ അനുജന് ശ്രീജിവ് പാറശാല പോലീസിന്റെ കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മരണപ്പെടുന്നത്. അടിവസ്ത്രത്തില്‍ സൂക്ഷിച്ച വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് പറയുന്നു. എന്നാല്‍, ശ്രീജിവിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നതായി ശ്രീജിത്ത് വ്യക്തമാക്കി. ജേഷ്ഠന്റെ പരാതിയില്‍ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് കേസ് അന്വേഷണിക്കണമെന്ന് സ്റ്റേറ്റ് പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി ഉത്തരവിട്ടിരുന്നു. അടിയന്തര സഹായമായി ഇവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ലെന്നുമാത്രം.