കോഴിക്കോട്: കോഴിക്കോട് പാളയം മാവേലി സ്റ്റോറിൽ സാധനങ്ങൾ സ്റ്റോക്കുണ്ടായിരുന്നുവെന്ന സപ്ലൈകോ വാദം പൊളിയുന്നു. സാധനങ്ങൾ ഉപയോഗ ശൂന്യമെന്ന ക്വാളിറ്റി കൺട്രോളറുടെ റിപ്പോർട്ടാണ് അധികൃതര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്.
സപ്ലൈകോ മാനേജരെ സസ്പെൻഡ് ചെയ്ത നടപടിയിൽപത്തു ദിവസത്തിനകം തീരുമാനമെടുക്കാൻ എംഡിക്ക് ഹൈക്കോടതി നിർദേശം നൽകി.
ക്വാളിറ്റി കണ്ട്രോളര് നടത്തിയ പരിശോധനയില്‍ നാല് സാധനങ്ങൾ ഉപയോഗ ശൂന്യമെന്ന് കണ്ടെത്തിയിരുന്നു. പഞ്ചസാര, മുളക്, തുവര പരിപ്പ്, വൻപയർ എന്നിവയാണ് വിൽപ്പന യോഗ്യമല്ലെന്ന് കണ്ടെത്തിയത്.
ഏഴ് സാധനങ്ങൾ സ്റ്റോറിൽ ഉണ്ടായിരുന്നിട്ടും ഇല്ലെന്ന് പരസ്യപ്പെടുത്തിയതിനാണ് സപ്ളൈക്കോ മാനേജരെ സസ്പെന്‍ന്‍ഡ് ചെയ്തത്.
കേസ് ഇപ്പോള്‍ കോടതിയിലാണ്.ക്വാളിറ്റി കൺട്രോളറുടെ റിപ്പോർട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഒൻപതാം തീയതി നടത്തിയ പരിശോധനയുടെ റിപ്പോർട്ടാണ് ക്വാളിറ്റി കൺട്രോളർ കോടതിയിൽ സമർപ്പിച്ചത്. കോഴിക്കോട് പാളയം മാവേലി സ്റ്റോര്‍ മാനേജര്‍ കെ. നിതിനാണ് ഹൈക്കോടതിയെ സമീപിച്ചത്.
സ്റ്റോറില്‍ ചില സാധനങ്ങള്‍ ഇല്ല എന്ന് ബോര്‍ഡില്‍ എഴുതി പരസ്യപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഡിപ്പോയില്‍ പരിശോധന നടത്തിയപ്പോള്‍ ഇല്ല എന്ന് പറഞ്ഞ സാധനങ്ങള്‍ കണ്ടെത്തി.
ഉളള സാധനങ്ങള്‍ ഇല്ല എന്ന് പറഞ്ഞുവെന്ന് സപ്ലൈകോയുടെ റീജണല്‍ മാനേജര്‍ ഇറക്കിയ സസ്പെന്ഷന് ഉത്തരവില്‍ പറയുന്നു.
എന്നാല്‍ പൂപ്പല്‍ പിടിച്ച സാധനങ്ങളാണ് അന്വേഷണസംഘം അവിടെ കണ്ടെത്തിയതെന്നാണ് സപ്ലൈകോ മാനേജര്‍ പറയുന്നത്. കണ്ടെത്തിയ സാധനങ്ങള്‍ കുറഞ്ഞ അളവില്‍ മാത്രമേ ഉണ്ടായിരുന്നുളളു.
സപ്ലൈകോയെ അപമാനിക്കുന്നതിന് വേണ്ടിയല്ല. ആളുകള്‍ക്ക് ഏതെല്ലാം സാധനം ഡിപ്പോയില്‍ ലഭിക്കുമെന്ന് അറിയാന്‍ വേണ്ടിയും ഇല്ലാത്ത സാധനം വാങ്ങാന്‍ ആളുകള്‍ വരി നില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കാനുമാണ് ബോര്‍ഡ് വെച്ചതെന്നും മാനേജര്‍ വിശദമാക്കിയിരുന്നു.