ന്യൂഡൽഹി: അനാവശ്യവും ബാലിശവുമായ കാര്യങ്ങളിൽ പൊതുതാത്പര്യ ഹർജികൾ നൽകുന്നവർ പിഴ ഒടുക്കേണ്ടി വരുമെന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. അത്തരം ഹർജികൾ നീതിന്യായ വ്യവസ്ഥയെ വീർപ്പുമുട്ടിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നടപടി.
മുംബൈയിലെ സ്ഥലം ഒഴിയാനുള്ള ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കാത്തതിനു അഞ്ച് ലക്ഷം രൂപ പിഴ വിധിച്ചുള്ള ഉത്തരവിലാണ് സുപ്രീം കോടതി അനാവശ്യ പൊതുതാത്പര്യ ഹർജികളെ കുറിച്ചു വ്യക്തമാക്കിയത്.
അനാവശ്യ ഹർജികൾക്ക് നീതിന്യായ വ്യവസ്ഥയിൽ അനായാസമായി ഇടം നേടാനായാൽ അരാജകത്വത്തിനും അച്ചടക്കമില്ലായ്മയ്ക്കും തുടക്കമാകും. ഇത്തരം ശ്രമങ്ങൾക്കു തടയിട്ടില്ലെങ്കിൽ ജുഡീഷ്യൽ പ്രക്രിയയുടെ പവിത്രത അവശേഷിച്ചില്ലെന്നും വരും. കോടതിയുടെ സ്വതന്ത്രമായ പ്രവർത്തനത്തിനും സത്യം നിലനിർത്തുന്നതിനുള്ള വ്യവഹാരങ്ങളും പിന്തുടരുന്നതിനുമായി ചില പ്രത്യാഘാതങ്ങൾ ഉണ്ടായേ തീരൂ എന്നതു സംശയമില്ലാത്ത കാര്യമാണെന്നും മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.