ന്യൂഡല്‍ഹി: ലൈംഗിക തൊഴിലിനെ തൊഴിലായി അംഗീകരിച്ച് സുപ്രീം കോടതി. ലൈംഗികത്തൊഴിലാളികൾക്ക് നിയമപ്രകാരം അന്തസിനും തുല്യ പരിരക്ഷയ്ക്കും അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.
പ്രായപൂര്‍ത്തിയായവര്‍ സ്വമേധയാ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടാല്‍ പോലീസ് ഇടപെടുകയോ ക്രിമിനൽ നടപടി സ്വീകരിക്കുകയോ ചെയ്യരുതെന്നും പരമോന്നത കോടതി ഉത്തരവിൽ പറഞ്ഞു. ജസ്റ്റീസ് നാഗേശ്വര റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് സുപ്രധാനവിധി.
ലൈംഗികത്തൊഴിലാളികളോട് പോലീസ് മാന്യമായി പെരുമാറണം, വാക്കു കൊണ്ടുപോലും അധിക്ഷേപിക്കരുത്.
ഇവരുടെ കുട്ടികൾക്കും ഈ അവകാശം ഉറപ്പാക്കണം. ലൈംഗികത്തൊഴിലാളികളുടെ റെയ്ഡും മോചനവാർത്തയും സംബന്ധിച്ചുള്ള വാർത്തകളിൽ ചിത്രങ്ങളോ ഇവരെ തിരിച്ചറിയുന്ന വിവരങ്ങളോ നൽകരുത്.
ഇതുസംബന്ധിച്ചു പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ മാർഗരേഖ പുറപ്പെടുവിക്കണം– സുപ്രീം കോടതി ഉത്തരവിൽ പറഞ്ഞു.
ലൈംഗികത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി മൂന്നംഗ ബെഞ്ച് ആറ് നിർദേശങ്ങൾ പുറപ്പെടുവിച്ചു.
ലൈംഗികത്തൊഴിലാളികൾക്ക് നിയമത്തിന്റെ തുല്യ പരിരക്ഷയ്ക്ക് അർഹതയുണ്ട്. പ്രായത്തിന്റെയും സമ്മതത്തിന്റെയും അടിസ്ഥാനത്തിൽ എല്ലാ കേസുകളിലും ക്രിമിനൽ നിയമം ഒരുപോലെ ബാധകമാകണം.
ലൈംഗികത്തൊഴിലാളി പ്രായപൂർത്തിയായ ആളാണെന്നും സമ്മതത്തോടെയാണ് പങ്കെടുക്കുന്നതെന്നും വ്യക്തമായാൽ പോലീസ് ഇടപെടലോ ക്രിമിനൽ നടപടിയോ പാടില്ല.
തൊഴിൽ എന്തുതന്നെയായാലും, ഈ രാജ്യത്തെ ഓരോ വ്യക്തിക്കും ഭരണഘടനയുടെ 21- ാം അനുച്ഛേദപ്രകാരം മാന്യമായ ജീവിക്കാൻ അവകാശമുണ്ട്- കോടതി ചൂണ്ടിക്കാട്ടി.
എന്നാൽ വേശ്യാലയം നടത്തുന്നത് നിയമവിരുദ്ധമാണ്. വേശ്യാലയത്തില്‍ റെയ്ഡ് നടക്കുമ്പോള്‍ ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധമെങ്കില്‍ അതിനെ നിയമവിരുദ്ധമായി കാണാനാവില്ല.
ഒരമ്മ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നതുകൊണ്ട് കുട്ടിയെ അവരില്‍ നിന്ന് വേര്‍പ്പെടുത്താനാവില്ല.അമ്മയ്ക്കൊപ്പം വേശ്യാലയത്തില്‍ കഴിയുന്ന കുട്ടികളെ കടത്തിക്കൊണ്ട് വന്നതാണെന്ന് കരുതരുത്.
ലൈംഗിക പീഡനത്തിനെതിരേ ലൈംഗികത്തൊഴിലാളികള്‍ നല്കുന്ന പരാതികള്‍ പോലീസ് വിവേചനപരമായി കണക്കാക്കരുതെന്നും പരാതി നല്‍കുന്നവര്‍ക്ക് എല്ലാ വൈദ്യ,നിയമ സഹായങ്ങളും നല്‍കണമെന്നും വിധിയില്‍ പറയുന്നു.