സ്വന്തം ലേഖകൻ
ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം അപകടകരമാണെന്ന മുന്നറിയിപ്പുമായി സുപ്രീംകോടതി.
നിർബന്ധിത മതപരിവർത്തനം രാജ്യത്തിന്റെ അഖണ്ഡതയെ മാത്രമല്ല, മതസ്വാതന്ത്ര്യത്തെയും വ്യക്തികളുടെ ധാർമികതയെയും പ്രതികൂലമായി ബാധിക്കുമെന്നാണ് ജസ്റ്റീസുമാരായ എം.ആർ. ഷാ, ഹിമ കോഹ്ലി എന്നിവർ ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടിയത്.
മതപരിവർത്തനം നടക്കുന്നുണ്ട് എന്നത് സത്യമാണ്. രാജ്യത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്ന അതീവ ഗുരുതര വിഷയവുമാണ്. അതിനാൽ കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ നിലപാടു വ്യക്തമാക്കണം.
മാത്രമല്ല, നിർബന്ധിത മതപരിവർത്തനം തടയാൻ എന്തു നടപടികൾ സ്വീകരിക്കാൻ കഴിയുമെന്നു വ്യക്തമാക്കുകയും വേണമെന്നും കോടതി നിർദേശിച്ചു. കേസ് വീണ്ടും നവംബർ 28ന് പരിഗണിക്കും.
ബിജെപി നേതാവ് അശ്വിനി കുമാർ ഉപാധ്യായ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ പരാമർശം. മന്ത്രവാദം, അന്ധവിശ്വാസം, നിർബന്ധിത മതപരിവർത്തനം എന്നിവ തടയാൻ സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണു ഹർജി നൽകിയത്.
മതപരിവർത്തനം ഭരണഘടന അനുവദിക്കുന്നുണ്ട്. എന്നാൽ, നിർബന്ധിത മതപരിവർത്തനത്തിന് അനുമതിയില്ലെന്നു കോടതി പറഞ്ഞു. നിർബന്ധിത മതപരിവർത്തനം തടയാൻ വിവിധ സംസ്ഥാനങ്ങളിൽ നിയമങ്ങളുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി.
മധ്യപ്രദേശിലും ഒഡീഷയിലുമൊക്കെ പ്രസ്തുത നിയമങ്ങളുണ്ട്. ആ നിയമങ്ങളുടെ സാധുത സുപ്രീംകോടതി തന്നെ ശരിവച്ചിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗോത്ര മേഖലകളിൽ ആളുകളെ മതം മാറ്റുന്നുണ്ടെന്നായിരുന്നു സോളിസിറ്റർ ജനറലിന്റെ മറ്റൊരു വാദം. ഉടൻ ഇതിനെതിരേ നടപടിയെടുക്കണമെന്നായിരുന്നു കോടതിയുടെ നിർദേശം.