ന്യൂഡൽഹി: ബലാത്സംഗത്തെ അതിജീവിച്ച പതിനാലുകാരിക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകിക്കൊണ്ടുള്ള മുൻ ഉത്തരവ് സുപ്രീംകോടതി തിരിച്ചുവിളിച്ചു. മകളുടെ ആരോഗ്യത്തെ സംബന്ധിച്ച് മാതാപിതാക്കൾ ആശങ്ക ഉയർത്തിയതിനെ തുടർന്നാണ് കോടതിയുടെ നടപടി. കുട്ടിയുടെ താത്പര്യം പരമപ്രധാനമാണെന്ന് വീഡിയോ കോണ്‍ഫറൻസിംഗിലൂടെ അതിജീവിതയുടെ മാതാപിതാക്കളുമായി സംസാരിച്ച ശേഷം ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.
22നാണ് ബോംബൈ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് 29 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ കോടതി അതിജീവിതയ്ക്ക് അനുമതി നൽകിയത്. മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ നടപടി. അപൂർവ സാഹചര്യമാണിതെന്ന് കോടതി അന്ന് വ്യക്തമാക്കി.
ഇന്ത്യയിലെ നിയമം അനുസരിച്ച് 24 ആഴ്ച പിന്നിട്ട ഗർഭിണികൾക്ക് ഗർഭച്ഛിദ്രം ചെയ്യാൻ കോടതിയുടെ അനുമതി ആവശ്യമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബോംബൈ ഹൈക്കോടതി അതിജീവിതയുടെ ആവശ്യം തള്ളിയത്. ഈ ഘട്ടത്തിൽ ഗർഭഛിദ്രത്തിന് വിധേയമാകുന്പോൾ ചില അപകടസാധ്യതകൾ ഉണ്ടെന്ന് ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നേരത്തെ പറഞ്ഞിരുന്നു.
സ്വന്തം ലേഖകൻ