സ്ത്രീകള്‍ പുരുഷന്മാരെ പീഡിപ്പിക്കുന്നത് ബലാത്സംഗക്കുറ്റമായി പരിഗണിക്കണമെന്നുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി. നിലവിലെ നിയമവ്യവസ്ഥയനുസരിച്ച് പുരുഷന്‍മാരെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെ ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. അതുകൊണ്ടുതന്നെ ബെഞ്ചിനു മുന്നില്‍ വന്ന പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കാന്‍ കഴിയില്ലെന്നും ജസ്റ്റീസ് ദിപക് മിശ്ര പറഞ്ഞു. അതേസമയം നിലവിലുള്ള നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടന്ന് കോടതി നിരീക്ഷിച്ചു.
ഇത്തരത്തിലുള്ള നിയമനിര്‍മ്മാണങ്ങള്‍ നടത്താന്‍ പാര്‍ലമെന്റ് സമിതികള്‍ മുന്‍കൈയ്യെടുക്കണമെന്നും കോടതി വ്യക്തമാക്കി. നിലവിലുള്ള നിയമവ്യവസ്ഥയില്‍ സ്ത്രീകളെ സംരക്ഷിക്കുന്നവയാണ്. കുടാതെ അവരെ കുറ്റക്കാരായി കണക്കാക്കാന്‍ അനുവദിക്കുന്നുമില്ല. സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പുരുഷന്മാര് ഇതുവരെ പരാതിപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ ബലാത്സംഗവും പീഡനവും സംബന്ധിച്ച നിയമങ്ങളില്‍ സ്ത്രീ പുരുഷ വിവേചനങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അത് ഉടന്‍തന്നെ മാറ്റുന്നതിനാവശ്യമായ നിയമനിര്‍മ്മാണങ്ങള്‍ നടത്തണമെന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ അഭിഭാകന്‍ കോടതിയെ അറിയിച്ചു.