ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസില്‍ പുനരന്വേഷണം നടത്തുന്നത് സ്റ്റേ ചെയ്ത് സുപ്രീം കോടതി.
ആറാഴ്ചത്തേക്കാണ് സ്റ്റേ. കേസില്‍ സംസ്ഥാന സര്‍ക്കാരിനും പരാതിക്കാര്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ആറാഴ്ചകകം നോട്ടീസിന് മറുപടി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
1990 ഏപ്രില്‍ 4നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നാണ് അടിവസ്ത്രത്തില്‍ 61 ഗ്രാം ഹാഷിഷ് ഒളിപ്പിച്ച ഓസ്ട്രേലിയന്‍ സ്വദേശിയായ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലാകുന്നത്.
1990ല്‍ ആന്റണി രാജു തിരുവനന്തപുരം വഞ്ചിയൂര്‍ ബാറിലെ ജൂനിയര്‍ അഭിഭാഷകനായിരുന്നു. തന്റെ സീനിയര്‍ സെലിന് വില്‍ഫ്രഡുമായി ചേര്‍ന്ന് ആന്‍ഡ്രുവിന്റെ വക്കാലത്ത് ആന്റണി രാജു എടുത്തു.
കേസില്‍ വിദേശ പൗരനെതിരായ പ്രധാന തെളിവുകളിലൊന്ന് തൊണ്ടിമുതലായ അടിവസ്ത്രമായിരുന്നു. ഇത് കൈക്കലാക്കാന്‍ ആന്റണി രാജു സ്വന്തം കൈപ്പടയില്‍ രേഖകളില്‍ ഒപ്പിട്ട് നല്‍കിയിരുന്നു.
തൊണ്ടി മുതലുകളെല്ലാം സൂക്ഷിക്കുന്ന തൊണ്ടി സെക്ഷന്‍ സ്റ്റോറില്‍ നിന്ന് തൊണ്ടി സെക്ഷന്‍ ക്ലാര്‍ക്ക് കെ.എസ് ജോസിന്റെ സഹായത്തോടെ ആന്റണി രാജു അടിവസ്ത്രം കടത്തുകയായിരുന്നു.
തുടര്‍ന്ന് അടിവസ്ത്രം വെട്ടിത്തയ്ച്ച് കൊച്ചുകുട്ടികളുടേത് പോലെയാക്കി അത് പ്രതിക്ക് ഇടാന്‍ പാകത്തിനല്ലാതെയാക്കിയെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നത്. കൃത്രിമം നടത്തിയ ശേഷം തൊണ്ടി സെക്ഷനില്‍ അടിവസ്ത്രം തിരികെ ഏല്‍പ്പിക്കുകയും ചെയ്തു.
ആന്റണി രാജു ഏറ്റെടുത്ത കേസ് തോറ്റുവെങ്കിലും വിദേശ പൗരന് കുഞ്ഞിരാമ മേനോന് എന്ന വക്കീലിന്റെ സഹായത്തോടെ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു.
തുടര്‍ന്ന് നടത്തിയ വിസ്താരത്തില്‍ കേസിലെ പ്രധാന തൊണ്ടി വസ്തുവായ അടിവസ്ത്രം പ്രതിയുടേതല്ലെന്ന് കോടതിക്ക് ബോധ്യമായി.
മെറ്റീരിയല്‍ ഒബ്ജക്ട് എന്ന് രേഖപ്പെടുത്തിയ തൊണ്ടി വസ്തുവായ അടിവസ്ത്രം പ്രതിക്ക് ധരിക്കാന്‍ കഴിയില്ലെന്ന് പ്രതിയെ കൊണ്ട് ധരിപ്പിക്കാന്‍ ശ്രമിച്ച് ഹൈക്കോടതി ഉറപ്പാക്കി.
പിന്നാലെ വിദേശ പൗരനെ കോടതി വെറുതെ വിട്ടു. പിന്നാലെ ആന്‍ഡ്രു രാജ്യം വിടുകയും ചെയ്തു.
ആന്റണി രാജുവിനെതിരെ ആരോപണം ഉയരുന്നത് ആ സമയത്താണ്. കേസില്‍ കൃത്രിമം നടന്നുവെന്ന പരാതിയുമായി അന്വേഷണ ഉദ്യോഗസ്ഥന് സിഐ കെ.കെ ജയമോഹന് ഹൈക്കോടതി വിജിലന്‍സിന് മുന്നിലെത്തുകയായിരുന്നു.
മൂന്ന് വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ വിജിലന്‍സ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി വിഷയത്തില്‍ പോലീസിനോട് കേസെടുത്ത് അന്വേഷണം ആരംഭിക്കാന്‍ ഉത്തരവിട്ടു.
1994ല്‍ തുടങ്ങിയ കേസ് 2002ല്‍ എത്തിയപ്പോള്‍ ആന്റണി രാജുവിനെതിരെ തെളിവില്ലെന്ന് കാണിച്ച് പോലീസ് തന്നെ കേസ് അവസാനിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു.
അന്ന് ആന്റണി രാജു എംഎല്‍എ ആയിരുന്നു. എന്നാല്‍ 2005ല്‍ കേസ് പുനരന്വേഷിക്കാന്‍ ഉത്തരമേഖലാ ഐജിയായിരുന്ന ടി.പി സെന്‍കുമാര്‍ നിര്‍ദേശം നല്കി.
തുടര്‍ന്ന് അസിസ്റ്റന്റ് കമ്മീഷ്ണര്‍ വക്കം പ്രഭു നടപടി ആരംഭിച്ചു. ഈ അന്വേഷണത്തിലാണ് തൊണ്ടി സെക്ഷന്‍ ക്ലാര്‍ക്ക് കെ.എസ് ജോസ്, ആന്റണി രാജു എന്നിവരുടെ പേരുകള്‍ ആദ്യമായി കേസുമായി ബന്ധപ്പെട്ട് ഉയരുന്നത്.
2006 ഫെബ്രുവരി 13ന് ഇവരെ ഒന്നും, രണ്ടും പ്രതികളാക്കി പോലീസ് കോടതിക്ക് റിപ്പോര്‍ട്ട് നല്കി. കോടതിയെ വഞ്ചിച്ചു, ഗൂഢാലോചന നടത്തി എന്നിവയടക്കം ഗുരുതരമായ ആറ് കുറ്റങ്ങള്‍ ചേര്‍ത്താണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുടര്‍ന്ന് 2006 മാര്‍ച്ച് 23ന് വഞ്ചിയൂര്‍ കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
ആന്‍ഡ്രുവിന്റെ അടിവസ്ത്രം തൊണ്ടി സെക്ഷനില്‍ നിന്ന് എടുക്കുമ്പോഴും അത് തിരികെ കൊണ്ടുവയ്ക്കുമ്പോഴും ആന്റണി രാജു തന്നെ എഴുതി ഒപ്പിട്ട രേഖയായിരുന്നു കേസിലെ പ്രധാന തെളിവ്.