സര്‍ക്കാരിന് മതാചാരങ്ങളെക്കുറിച്ച് വ്യക്തതയില്ലെങ്കില്‍ അതില്‍ ഇടപെടരുതെന്ന് സുപ്രീം കോടതി. ഒഡീഷയിലെ ജഗന്നാഥ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇങ്ങനെയൊരു നിരീക്ഷണം നടത്തിയത്.
ജഗന്നാഥ ക്ഷേത്രത്തിന് ചുറ്റും ഉള്ള മഠങ്ങള്‍ പൊളിച്ച് നീക്കിയ ഒഡീഷ സര്‍ക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണിത ജഗന്നാഥ ക്ഷേത്രത്തിന് ചുറ്റും ഉള്ള മഠങ്ങള്‍ ഇടിഞ്ഞുപൊളിഞ്ഞ നിലയില്‍ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ പൊളിച്ചത്. എന്നാല്‍ ക്ഷേത്രവും ആയി ബന്ധപ്പെട്ട മഠങ്ങള്‍ ഇങ്ങനെയാണോ പൊളിച്ചുനീക്കുന്നതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള മൂന്ന് അംഗ ബെഞ്ച് ആരാഞ്ഞു. പഴകിയത് ആണെങ്കിലും മഠങ്ങള്‍ക്ക് ക്ഷേത്ര ആചാരവും ആയി ബന്ധമുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.