ന്യൂഡൽഹി: ലൈംഗിക പീഡന കേസുകളിൽ പ്രതികളെ രക്ഷിക്കുന്നതിനായി മൊഴിമാറ്റുന്ന പരാതിക്കാരിയെയും ശിക്ഷിക്കാമെന്ന് സുപ്രീം കോടതി. പരാതിക്കാരി മൊഴി മാറ്റിയാലും മെഡിക്കൽ റിപ്പോർട്ട് അടക്കമുള്ള മറ്റ് തെളിവുകൾ അടിസ്ഥാനമാക്കി പ്രതികളെ ശിക്ഷിക്കണമെന്നും കോടതി ഉത്തരവിട്ടു.
അതീവ ഗൗരവ മായ കേസുകളിൽ മൊഴിമാറ്റി അട്ടിമറിക്കുന്നത് കോടതിക്കു നോക്കിനിൽക്കാനാകില്ലെന്നും ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്ത മാക്കി. മാനഭംഗ കേസിൽ പരാതിക്കാരി മൊഴിമാറ്റിയിട്ടും പ്രതികളെ ശിക്ഷിച്ച ഗുജറാത്ത് ഹൈക്കോടതി വിധി ശരിവച്ചു കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
പരാതിക്കാരി മൊഴിമാറ്റിയെന്ന ഒറ്റകാരണത്താൽ പ്രതിയെ കുറ്റവിമുക്തനാക്കുന്നത് നീതിയെ പരിഹസിക്കുന്നതിന് തുല്യമാണ്. മൊഴിമാറ്റിയാലും കേസ് അവ സാനിപ്പിക്കരുത്. മെഡിക്കൽ റിപ്പോർട്ടുൾപ്പടെയുള്ള മറ്റുതെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണ തുടർന്ന് പ്രതികൾക്ക് അർഹമായ ശിക്ഷ നൽകണം.
ക്രിമി നൽ വിചാരണകൾ സത്യം തേടിയുള്ള അന്വേഷണമാണ്. സത്യം പുറത്തുകൊണ്ടുവരാൻ എല്ലാ പരിശ്രമങ്ങളും വേണമെന്നും കോടതി പറഞ്ഞു. തിരിച്ചറിയൽ പരേഡിൽ പെണ്കുട്ടി പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. അതേസമയം വിചാരണ ഘട്ടത്തിൽ മൊഴിമാറ്റി പറയുകയായിരുന്നു.