വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലുമുള്ള സംവരണം എത്ര തലമുറ വരെ തുടരുമെന്ന നിര്‍ണായക ചോദ്യവുമായി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്.
പരമാവധി 50% സംവരണം എന്ന നിയന്ത്രണപരിധി നീക്കുന്നത് ഭരണഘടനയുടെ പതിനാലാം വകുപ്പ് പ്രകാരമുള്ള തുല്യതയ്ക്കുള്ള അവകാശത്തിനു വിരുദ്ധമാകില്ലേയെന്നും ഇത് അസമത്വത്തിലേക്കു നയിക്കില്ലേയെന്നും മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോത്തഗിയോടു സുപ്രീം കോടതി ചോദിച്ചു.
മറാത്ത സംവരണക്കേസില്‍ അഞ്ചാം ദിവസത്തെ വാദം കേള്‍ക്കവേ ആയിരുന്നു സുപ്രീം കോടതിയുടെ നിര്‍ണായകമായ ചോദ്യം. മറാത്തകള്‍ക്ക് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം നല്കുന്ന നിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജികളാണ് ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുന്നത്.
മണ്ഡല് വിധി(ഇന്ദിരാ സാഹ്നി കേസ്) നിഷ്കര്‍ഷിച്ച സംവരണത്തിലെ 50 ശതമാനം പരിധി എന്ന നിയന്ത്രണം നീക്കണമെന്നാണ് മറാത്ത സംവരണക്കേസില്‍ മഹാരാഷ്ട്ര സര്‍ക്കാരിനുവേണ്ടി ഹാജരായ റോത്തഗിയുടെ വാദം.
മണ്ഡല് വിധി 1931ലെ ജനസംഖ്യാ കണക്കെടുപ്പ് അടിസ്ഥാനത്തിലാണെന്നും മാറിയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ സംവരണ ക്വാട്ടകള്‍ നിര്‍ണയിക്കുന്നത് കോടതി സംസ്ഥാനങ്ങള്‍ക്കു വിട്ടുകൊടുക്കണമെന്നുമായിരുന്നു റോത്തഗിയുടെ വാദം.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനവും 50 ശതമാനം പരിധി മറികടക്കുന്നതാണെന്നു റോത്തഗി ചൂണ്ടിക്കാട്ടി.
50 ശതമാനമോ ഒരു നിയന്ത്രണമോ ഇല്ലെങ്കില്‍ തുല്യത എന്ന സങ്കല്പം അപ്പോള്‍ എന്താകുമെന്നു ബെഞ്ച് ചോദിച്ചു. നമ്മള്‍ക്ക് അവസാനം അതു കൈകാര്യം ചെയ്യേണ്ട അവസ്ഥയുണ്ടാകും. അതില്‍ നിങ്ങളുടെ നിലപാട് എന്താണ്. ഇതേത്തുടര്‍ന്നുള്ള അസമത്വത്തെക്കുറിച്ചെന്താണു പറയാനുള്ളത്.
എത്ര തലമുറ നിങ്ങള്‍ സംവരണം തുടരും. ജസ്റ്റീസുമാരായ എല്‍. നാഗേശ്വര റാവു, എസ്.അബ്ദുള്‍ നസീര്‍, ഹേമന്ത് ഗുപ്ത, എസ്. രവീന്ദ്ര ഭട്ട് എന്നിവരുള്‍പ്പെട്ട ബെഞ്ച് ആരാഞ്ഞു.
സ്വാതന്ത്ര്യത്തിനുശേഷം 70 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പല സംസ്ഥാനങ്ങളും നിരവധി ക്ഷേമപദ്ധതികള്‍ നടപ്പാക്കിയിട്ടും ഒരു വികസനവും നടന്നിട്ടില്ലെന്നും ഒരു പിന്നാക്ക സമുദായവും മുന്നേറിയില്ലെന്നുമാണോ മനസിലാക്കേണ്ടത് എന്നു ബെഞ്ച് ചോദിച്ചു.
മണ്ഡല് വിധി പുനപരിശോധിക്കുന്നതിന്റെ ലക്ഷ്യം പിന്നാക്കാവസ്ഥയില്‍നിന്നു പുറത്തുകടന്നുവന്നവരെ ഒഴിവാക്കുകയാണെന്നും ബെഞ്ച് നിരീക്ഷിച്ചു. കേസില്‍ വാദം പൂര്‍ത്തിയാകാത്തതിനാല്‍ നാളെ വീണ്ടും തുടരും.