ന്യൂഡല്‍ഹി: കൊച്ചി മരടിലെ ഫ്‌ളാറ്റ് പൊളിച്ചുമാറ്റണമെന്ന സുപ്രീംകോടതി വിധിയ്‌ക്കെതിരേ ഫ്‌ളാറ്റ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി തള്ളി. ഇതേത്തുടര്‍ന്ന് ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റുമെന്ന് മരട് നഗരസഭ അറിയിച്ചു. അതിരൂക്ഷമായ വിമര്‍ശനമുയര്‍ത്തിയാണ് ഫ്‌ളാറ്റുടമകളുടെ ഹര്‍ജി സുപ്രീംകോടതി തള്ളിയത്. ഈ സാഹചര്യത്തിലാണ് മരട് നഗരസഭയുടെ ഇടപെടല്‍. അല്ലാത്ത പക്ഷം നഗരസഭയ്ക്കെതിരേയും നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്. ഫ്‌ളാറ്റ് പൊളിക്കാന്‍ നടപടിയാരംഭിക്കുമെന്ന് നഗരസഭ അറിയിച്ചതോടെ ഇവിടുത്തെ താമസക്കാര്‍ ആശങ്കയിലാണ്. അഞ്ച് ഫ്ളാറ്റുകളിലായി 300ലേറെ കുടുംബങ്ങളാണുള്ളത്.
ഇന്നലെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര രൂക്ഷമായ വിമര്‍ശനമാണ് ഹര്‍ജിക്കാര്‍ക്കെതിരെ നടത്തിയത്. തന്റെ ഉത്തരവ് മറികടക്കാന്‍ ഫ്‌ളാറ്റ് ഉടമകള്‍ മറ്റൊരു ബെഞ്ചില്‍ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചെന്നും കോടതിയെ കബളിപ്പിക്കാന്‍ ആസൂത്രിതമായ ശ്രമം നടന്നുവെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വിമര്‍ശിച്ചു. ഇനി ഒരു കോടതിയും മരട് വിഷയത്തിലെ ഇനി ഹര്‍ജികള്‍ പരിഗണിക്കരുതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ആവശ്യപ്പെട്ടു.
ഉടമകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കല്യാണ്‍ ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിക്കൊണ്ടായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര ഹര്‍ജി തള്ളിയത്. കൊല്‍ക്കത്ത ബന്ധം ഉപയോഗിച്ച് തന്നെ സ്വാധീനിക്കാനാണോ കല്യാണ്‍ ബാനര്‍ജിയെ ഹാജരാക്കിയത് എന്നും കോടതിയില്‍ തട്ടിപ്പ് നടത്താനാണ് മുതിര്‍ന്ന അഭിഭാഷകരുടെയും കക്ഷികളുടെയും ശ്രമമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര കൂട്ടിച്ചേര്‍ത്തു.
കോടതിയെ കബളിപ്പിക്കാനുള്ള ആസൂത്രിയ ശ്രമമാണ് നടന്നതെന്നും ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് വ്യക്തമായി അറിയാമെന്നും അരുണ്‍ മിശ്ര പറഞ്ഞു. പരിഗണിക്കാന്‍ ഒന്നിലധികം തവണ വിസമ്മതിച്ച വിഷയം മറ്റൊരു ബെഞ്ചിന് മുന്‍പാകെ ഉന്നയിച്ചത് ധാര്‍മികതയ്ക്ക് നിരക്കാത്തതാണ്.
പണം കിട്ടിയാല്‍ അഭിഭാഷകര്‍ക്ക് എല്ലാം ആയോ എന്നും ഇവര്‍ക്കൊക്കെ പണം മാത്രം മതിയോ എന്നും അരുണ്‍ മിശ്ര കുറ്റപ്പെടുത്തി. ഇനിയും ഇത് ആവര്‍ത്തിച്ചാല്‍ അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സുപ്രീംകോടതി താക്കീത് ചെയ്തു. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ഒരു ഫ്‌ളാറ്റ് ഉടമ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അരുണ്‍ മിശ്രയുടെ രൂക്ഷ വിമര്‍ശനം ഉണ്ടായത്. തീരദേശ നിയമം ലംഘിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിങ്, കായലോരം അപ്പാര്‍ട്ട്മെന്റ്, ആല്‍ഫ വെഞ്ച്വേഴ്സ് എന്നീ ഫ്ളാറ്റുകള്‍ ഒരു മാസത്തിനുള്ളില്‍ പൊളിക്കാന്‍ മെയ് എട്ടിനാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.
പൊളിച്ച് നീക്കാനുള്ള കാലാവധി നീട്ടണമെന്ന ഫ്ളാറ്റുടമകളുടെ ആവശ്യം അരുണ്‍മിശ്രയുടെ ബെഞ്ച് തന്നെ മെയ് 22ന് തള്ളി. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കോടതി ഉത്തരവെന്ന് ചൂണ്ടിക്കാട്ടി ജൂണ്‍ 10ന് താമസക്കാര്‍ ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, അജോയ് രസ്തോഗി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചില്‍ നിന്ന് ആറാഴ്ചത്തേക്ക് സ്റ്റേ നേടി. ഹര്‍ജികള്‍ ജസ്റ്റിസ് അരുണ്‍മിശ്രയുടെ ബെഞ്ചിലേക്ക് മാറ്റുകയും ചെയ്തു. ഇവ പരിഗണിക്കവെയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര ഇന്നലെ രൂക്ഷവിമര്‍ശനം നടത്തിയത്.
ഉടമകള്‍ക്ക് അനുകൂലമായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ കേരള തീരദേശപരിപാലന അഥോറിറ്റി നല്‍കിയ അപ്പീലിലാണ് മെയ് എട്ടിന് സുപ്രീംകോടതി വിധി പറഞ്ഞത്. കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത് തീരദേശ പരിപാലന ചട്ടം ലംഘിച്ചാണെന്ന് കണ്ടെത്തിയായിരുന്നു നടപടി. 2006ല്‍ മരട് പഞ്ചായത്തായിരിക്കെ സി.ആര്‍ സോണ്‍ 3 ല്‍ ഉള്‍പ്പെട്ട പ്രദേശത്താണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. പിന്നീട് മരട് മുനിസിപ്പാലിറ്റിയായി. നിലവില്‍ അപ്പാര്‍ട്ട്മെന്റുകളുള്ള സ്ഥലം സി.ആര്‍ സോണ്‍ 2ലാണെന്നും ഇവിടത്തെ നിര്‍മ്മാണങ്ങള്‍ക്ക് തീരദേശ പരിപാലന അഥോറിറ്റിയുടെ അനുമതി ആവശ്യമില്ലെന്നുമായിരുന്നു കെട്ടിട ഉടമകളുടെ വാദം. നിര്‍മ്മാണ അനുമതി ലഭിക്കുമ്പോള്‍ സ്ഥലം സി.ആര്‍ 3 ല്‍ ആയിരുന്നതിനാല്‍ അനുമതി നിര്‍ബന്ധമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
സുപ്രിം കോടതി നിലപാട് കടുപ്പിച്ചതോടെ ഫ്ളാറ്റുടമകള്‍ ആശങ്കയിലാണ്. ഫ്ളാറ്റുകള്‍ വാങ്ങിയ സമയത്ത് ഏതെങ്കിലും നിയമപ്രശ്നം ഉള്ളതായി അറിയില്ലായിരുന്നുവെന്ന് ഇവര്‍ പറയുന്നു. ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന കാര്യത്തില്‍ സുപ്രിം കോടതി നിലപാട് കര്‍ശനമാക്കിയതോടെ ആകെയുള്ള സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ച് ഫ്ളാറ്റുകള്‍ വാങ്ങിയ നൂറ് കണക്കിന് ഫ്ളാറ്റുടമകളാണ് ആശങ്കയില്‍ കഴിയുന്നത്. സുപ്രിം കോടതി പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ട അഞ്ച് ഫ്ളാറ്റുകളിലായി 300ലേറെ കുടുംബങ്ങളാണ് താമസിക്കുന്നത്. പത്ത് വര്‍ഷം മുന്‍പ് 40 ലക്ഷം രൂപ മുടക്കി ഫ്ളാറ്റുകള്‍ വാങ്ങിയവര്‍ മുതല്‍ അടുത്തകാലത്ത് കോടികള്‍ മുടക്കി വരെ ഫ്ളാറ്റുകള്‍ വാങ്ങിയവരാണ് ഇവിടെയുള്ളത്. വാങ്ങുന്ന കാലത്ത് നിയമവിരുദ്ധമാണെന്നോ ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നോ തങ്ങള്‍ക്കറിയുമായിരുന്നില്ലെന്ന് ഇവര്‍ പറയുന്നു. അതേസമയം കോടതി വിധി നടപ്പാക്കാതെ വഴിയില്ലെന്നും നടപടികളുമായി മുന്നോട്ട് പോകുമെന്നും മരട് നഗരസഭ അധികൃതര്‍ പ്രതികരിച്ചു.