ന്യൂഡൽഹി: സുപ്രീംകോടതിയുടെ ഔദ്യോഗിക യുട്യൂബ് ചാനൽ ഹാക്ക് ചെയ്തു. ഭരണഘടനാബെഞ്ച് പരിഗണിക്കുന്നതും പൊതുതാത്പര്യമുള്ളതുമായ കേസുകൾ തത്സമയം സംപ്രേഷണം ചെയ്യുന്ന ചാനലിൽ ഇന്നലെ ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ടുള്ള വീഡിയോകളാണു പ്രചരിച്ചത്. ചാനലിനെതിരേ സൈബർ ആക്രമണമുണ്ടായതിനു പിന്നാലെ അക്കൗണ്ട് താത്കാലികമായി യുട്യൂബിൽനിന്ന് നീക്കം ചെയ്തു.
അമേരിക്കൻ കന്പനിയായ റിപ്പിൾ ലാബ്സ് വികസിപ്പിച്ചെടുത്ത എക്സ്ആർപി എന്ന ക്രിപ്റ്റോ കറൻസിയെ പ്രചരിപ്പിക്കുന്ന വീഡിയോകളാണു ചാനലിൽ സംപ്രേഷണം ചെയ്തുകൊണ്ടിരുന്നത്.
അമേരിക്കൻ സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് കമ്മീഷനുമായി (എസ്ഇസി) നിയമപ്രശ്നങ്ങളിലേർപ്പെട്ടിരിക്കുന്ന കന്പനിയാണ് റിപ്പിൾ ലാബ്സ്. സുപ്രീംകോടതി ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യപ്പെട്ട വീഡിയോകളിലൊന്നിന്റെ തലക്കെട്ട് “എസ്ഇസിയുടെ 200 കോടി ഡോളർ പിഴയ്ക്ക് റിപ്പിൾ പ്രതികരിക്കുന്നു’’ എന്നായിരുന്നു.
ഭരണഘടനാബെഞ്ച് പരിഗണിക്കുന്ന കേസുകൾ 2018 മുതലാണ് സുപ്രീംകോടതി തത്സമയം സംപ്രേഷണം ചെയ്തുവരുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് സുപ്രീംകോടതിയിലെ ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.