ഒരു കൈയില്‍ ത്രാസും മറുകൈയില്‍ വാളും പിടിച്ച്, കറുത്ത തുണി കൊണ്ട് കണ്ണ് കെട്ടി നില്ക്കുന്ന ഒരു സ്ത്രീ പ്രതിമയായിരുന്നു ഇത്രയും കാലംനീതി ദേവതയായി വാണിരുന്നത്. എന്നാൽ ഇനി മുതൽ രാജ്യത്ത് നിയമം അന്ധമല്ലെന്ന സന്ദേശമുയർത്തി കോടതി മുറികളില്‍ ഇനി നീതിദേവത കണ്‍തുറന്നു നില്ക്കും.
നീതിദേവതയുടെ കണ്ണിലെ കെട്ടഴിച്ച് സുപ്രീംകോടതി ചരിത്രം കുറിച്ചിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഢിന്റെ നേതൃത്വത്തിലാണ് ഈ തീരുമാനമെടുത്തത്. വലതുകൈയിലെ തുല്യതയുടെ തുലാസിനുനേരെ തലയുയര്‍ത്തി ഇടതുകൈയില്‍ പുസ്തകവുമേന്തിക്കൊണ്ടായിരിക്കും നീതിദേവത ഇനി നിലയുറപ്പിക്കുക.
‘നിയമം ഒരിക്കലും അന്ധമല്ല, അത് എല്ലാവരേയും തുല്യമായി കാണുന്നു. പ്രതിമയുടെ കൈയിൽ ഭരണഘടന ഉണ്ടായിരിക്കണം. വാളല്ല. അത് നീതി നടപ്പാക്കുന്നു എന്ന സന്ദേശം രാജ്യത്തിന് നല്‍കും. വാള് അക്രമത്തിന്റെ പ്രതീകമാണ്. കോടതികള്‍ നീതിവിധിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന നിയമത്തിലൂടെയാണ്’എന്ന് ജസ്റ്റിസിന്റെ ഓഫീസ് വൃത്തങ്ങള്‍ പറയുന്നു.