ന്യൂഡൽഹി: ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് വിവാഹിതരായ സ്ത്രീകൾ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരേ നൽകുന്ന പരാതിയിൽ ഉടനടി അറസ്റ്റ് പാടില്ലെന്ന് സുപ്രീം കോടതി. ജില്ലാ തലത്തിൽ രൂപീകരിക്കുന്ന കുടുംബക്ഷേമ സമിതികൾ പരിശോധിച്ചതിനു ശേഷം മാത്രമേ ഇത്തരം കേസുകളിൽ അറസ്റ്റ് നടത്താവൂ. ഗാർഹിക പീഡനം തടയുന്നതിനായുള്ള നിയമത്തിൽ ക്രിമിനൽ നടപടി പ്രതിപാദിക്കുന്ന ഐപിസി 498 എ ഉൾപ്പെടുത്തിയിരിക്കുന്നതു ദുരുപയോഗം ചെയ്യുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ എ.കെ. ഗോയൽ, യു.യു. ലളിത് എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്. ഇത്തരം കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥരും കോടതികളും സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് മാർഗനിർദേശവും കോടതി പുറപ്പെടുവിച്ചു.
ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനത്തെ തുടർന്ന് സ്ത്രീകൾ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ സംഭവിച്ചാൽ സ്വീകരിക്കേണ്ട നടപടിയായാണ് ഗാർഹിക പീഡനം തടയുന്ന നിയമത്തിൽ ക്രിമനൽ നടപടി ചട്ടം ഉൾപ്പെടുത്തിയത്. എന്നാൽ, ഈ വ്യവസ്ഥ ചൂണ്ടിക്കാട്ടി സ്ത്രീകൾ ഗാർഹിക പീഡനം ആരോപിച്ച് പരാതി നൽകിയാലുടൻ അറസ്റ്റ് നടത്തുന്നതാണ് സംഭവിക്കുന്നതിൽ അധികവും. ഇതു മുന്നിൽ കണ്ട് വ്യാജമായി പരാതി നൽകുന്നതും വളരെയധികമായിട്ടുണ്ട്. ഇത്തരം ദുരുപയോഗങ്ങൾ തടയേണ്ടതുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.