ഞാന്‍ പൊറോട്ടയും ബീഫും കഴിച്ചതില്‍ ചാനലിന് ഒരു പങ്കുമില്ല! ഓണത്തിനായാലും ഓണപരിപാടിയിലായാലും ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക എന്നത് എന്റെ താത്പര്യമാണ്; വിവാദങ്ങളെക്കുറിച്ച് നടി സുരഭി ലക്ഷ്മിയ്ക്ക് പറയാനുള്ളത്

പ്രതിദിനം എന്നവണ്ണമാണ് കേരളത്തിനകത്തും പുറത്തും ബീഫ് വിവാദങ്ങള്‍ ഉയര്‍ന്നു വരുന്നത്. ഏറ്റവും പുതുതായി വിവാദം കൊഴുക്കുന്നത് നടി സുരഭി ലക്ഷ്മി ഓണദിനത്തില്‍ സംപ്രേക്ഷണം ചെയ്ത ചാനല്‍ പരിപാടിയ്ക്കിടെ ബീഫ് കഴിച്ചു എന്നതിനെക്കുറിച്ചാണ്. സസ്യാഹാരം മാത്രം കഴിക്കേണ്ട ഒരു ദിവസം ബീഫ് കഴിച്ചത,് അതും പൊതുപരിപാടിയില്‍ ചെയ്തത് മഹാഅപരാധമായിപോയെന്നാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആരോപിച്ചത്. തനിക്കെതിരെ വിവാദങ്ങള്‍ കൂടിവന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി സുരഭി ലക്ഷ്മി തന്നെ രംഗത്തെത്തിയത്.

താന്‍ ബീഫ് കഴിക്കുന്ന ചാനല്‍ പരിപാടി ഓണത്തിന് മൂന്നാഴ്ച മുന്നേ ഷൂട്ട് ചെയ്തതാണെന്നാണ് നടി ഇതേക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ഓണത്തിനായാലും ഓണപരിപാടിയിലായാലും താന്‍ കഴിക്കുന്നത് തന്റെ ഇഷ്ടഭക്ഷണമാണെന്നും ദേശീയചലച്ചിത്രപുരസ്‌ക്കാര ജേതാവായ സുരഭി ലക്ഷ്മി പറഞ്ഞു. ഞാന്‍ പൊറോട്ടയും ബീഫും കഴിച്ചതില്‍ ചാനലിന് ഒരു പങ്കുമില്ല. അത് തന്റെ ഇഷ്ടപ്രകാരമായിരുന്നെന്നും സുരഭി ലക്ഷ്മി പറഞ്ഞു. അതേസമയം ഓണത്തിന് കോഴികറികൂട്ടി ഓണസദ്യയുണ്ണുന്നതിന്റെ ഫോട്ടോ താന്‍ എഫ്ബിയില്‍ പോസ്റ്റ് ചെയ്തിരുന്നെന്നും സുരഭി പറഞ്ഞു. കോഴികഷണം കൂട്ടി കോഴിക്കോടന്‍ ഓണസദ്യ എന്ന അടികുറിപ്പോടെയായിരുന്നു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നത്.

കോഴിക്കോട്ടെ ബ്രദേഴ്സ് എന്ന ഹോട്ടല്‍ പശ്ചാത്തലമാക്കിയായിരുന്നു പരിപാടി. ഹോട്ടലില്‍ ഇരുന്ന് തന്റെ വിശേഷങ്ങള്‍ പങ്കുവച്ച് ഭക്ഷണം കഴിക്കുന്നതാണ് ചിത്രീകരിച്ചതും. ഹോട്ടലില്‍നിന്നും ഇഷ്ട വിഭവമായ പൊറോട്ടയും ബീഫും കഴിക്കുകയായിരുന്നു. ഇതാണ് സംഘപരിവാറിനെ പ്രകോപിപ്പിച്ചത്. ഓണത്തിന് ബീഫ് കഴിച്ച് ഹിന്ദുത്വത്തെ അപമാനിച്ചെന്നാണ് സംഘപരിവാറുകാര്‍ പറഞ്ഞത്. ഓണപ്പരിപാടിക്ക് ബീഫ് കഴിക്കുന്നതിലൂടെ സുരഭി ഹിന്ദുക്കളെ അപമാനിച്ചു, ഹിന്ദുക്കള്‍ ഓണത്തിന് മാംസം കഴിക്കാറില്ല, പിന്നെന്തിനാണ് സുരഭി മാംസം കഴിക്കുന്നതെന്നും ചോദിച്ചാണ് പല സംഘിഗ്രൂപ്പുകളും പോസ്റ്റുകള്‍ ഇട്ടിട്ടുള്ളത്. മുസ്ലിം ചാനലില്‍പോയി സുരഭി ഹിന്ദുക്കളെ അപമാനിക്കുകയാണെന്നും പ്രചാരണമുണ്ടായിരുന്നു.

 

 

Related posts