അവള്‍ക്കൊപ്പം എന്ന് വിളിച്ചു പറയുന്നവര്‍ പോലും തനിക്കൊപ്പം നിന്നില്ലെന്ന് ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മി! ആക്രമിക്കപ്പെട്ട നടിയെ സംവിധായകര്‍ തഴയുന്നതിനെതിരെ വനിതാസംഘടന; മലയാള സിനിമയില്‍ വീണ്ടും ഭിന്നത

ദേശീയ അവാര്‍ഡ് ജേതാവായ സുരഭി ലക്ഷ്മിയെ ചലച്ചിത്രമേളയിലേയ്ക്ക് ക്ഷണിച്ചില്ല എന്ന വിവാദം ഒരുവശത്ത് കത്തിപ്പടരുമ്പോള്‍ അക്കാര്യത്തില്‍ അഭിപ്രായപ്രകടനം ഒന്നും നടത്താതെ മറ്റൊരാരോപണവുമായി ചലച്ചിത്രോത്സവ വേദിയില്‍ നിന്ന് മലയാള നടിമാരുടെ സംഘടന്. ആക്രമിക്കപ്പെട്ട നടിയെ അഭിനയിപ്പിക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറാകുന്നില്ലെന്നാണ് സംവിധായിക വിധു വിന്‍സെന്റ് പറഞ്ഞത്. തങ്ങളുടെ സിനിമയില്‍ അവരെ അഭിനയിപ്പിക്കാന്‍ പല നിര്‍മാതാക്കള്‍ക്കും ഭയമാണെന്നും വിധു പറഞ്ഞു. ചലച്ചിത്രോത്സവത്തിലെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സിനിമയിലെ സ്ത്രീ സാന്നിധ്യം എന്നതായിരുന്നു ഓപ്പണ്‍ ഫോറത്തിന്റെ വിഷയം. പലപ്പോഴും ഇത്തരം ചര്‍ച്ചകളില്‍ നടി ആക്രമിക്കപ്പെട്ട വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ ആളുകള്‍ മടിക്കുകയാണ്. വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ഉണ്ടാകാനിടയായ സംഭവം അതാണെന്നും അവര്‍ പറഞ്ഞു. പുരോഗമന സമൂഹമെന്ന് നടിക്കുമ്പോഴും നമ്മള്‍ പുരുഷ മേധാവിത്വത്തിന് അടിപ്പെട്ടിരിക്കുന്ന സമൂഹമാണ് എന്നതാണ് വാസ്തവമെന്നും അവര്‍ പറഞ്ഞു.

അടുത്ത കാലത്ത് ഒരു സിനിമ ചെയ്യുന്നതിനായി ഞാന്‍ ഒരു നിര്‍മാതാവിനെ സമീപിച്ചു. ആക്രമിക്കപ്പെട്ട നടിയെ കേന്ദ്ര കഥാപാത്രമാക്കി സിനിമ ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. നടിയുടെ എതിര്‍പക്ഷം ആ സിനിമയെ തകര്‍ക്കുമെന്നും കൂവിത്തോല്‍പ്പിക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. മറ്റു പല നിര്‍മാതാക്കളോടും സംസാരിച്ചെങ്കിലും അതിനുള്ള സാധ്യത പോലുമില്ലെന്ന രീതിയിലായിരുന്നു അവരുടെ പ്രതികരണം.

സിനിമ കാണാന്‍ തിയ്യേറ്ററുകളില്‍ എത്തുന്നതില്‍ ഭൂരിഭാവും പുരുഷന്‍മാരാണ്. സ്ത്രീകള്‍ വരുന്നുണ്ടെങ്കിലും അത് പുരുഷന്മാര്‍ക്കൊപ്പമാണ്. അതുകൊണ്ട് പുരുഷന്‍മാരെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ സിനിമയെടുക്കാന്‍ നിര്‍മാതാക്കളും അതുവഴി സംവിധായകരും നിര്‍ബന്ധിതരാകുന്നു. സ്ത്രീ കേന്ദ്രീകൃത സിനിമ എടുക്കുമ്പോള്‍ പോലും അതില്‍ ഒരു മുഖ്യധാരാ നായകന്‍ ഉണ്ടാകണമെന്ന് നിര്‍മാതാക്കള്‍ ശഠിക്കുന്നതിനും കാരണമിതാണ്. സംവിധായകരും നിര്‍മാതാക്കളുമായ സ്ത്രീകള്‍ പോലും ഇതംഗീകരിക്കേണ്ടി വരികയാണെന്നും വിധു വിന്‍സെന്റ് പറഞ്ഞു.

റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് തുടങ്ങി ഡബ്ല്യുസിസിയിലെ പലരും ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്തിരുന്നു. അതേസമയം, അവള്‍ക്കൊപ്പം എന്ന് വിളിച്ചു പറയുന്നവരാണ് മേളയില്‍ മുഴുവനെങ്കിലും അവര്‍ക്കൊപ്പം നില്‍ക്കുന്ന ‘അവള്‍’ ആകാന്‍ തനിക്ക് എത്ര കാലവും ദൂരവും ഉണ്ടെന്നും അവരോട് അടുത്തു നില്‍ക്കുന്ന നടിമാരില്‍ ആര്‍ക്കെങ്കിലുമാണ് ഈ പുരസ്‌കാരം കിട്ടിയിരുന്നതെങ്കില്‍ ഇതാണോ സംഭവിക്കുക എന്നും തനിക്ക് പാസ് നല്‍കാത്തതിനെക്കുറിച്ച് സുരഭി ലക്ഷ്മി ചോദിച്ചതും ചര്‍ച്ചയായിരുന്നു.

 

 

Related posts