സ്കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ ബഹുഭൂരിപക്ഷം ആളുകളുടെയും പേടിസ്വപ്നമായിരുന്നു കണക്ക്. നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളോട് ചോദിച്ചാലും അതു തന്നെയാവും ഉത്തരം. സമാനമായ രീതിയില്‍ തന്റെയും ജീവിതത്തില്‍ വെറുക്കപ്പെട്ട വിഷയമായിരുന്നു കണക്ക് എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ദേശീയ അവാര്‍ഡ് ജേതാവുകൂടിയായ നടി സുരഭി ലക്ഷ്മി.
കണക്കില്‍ അന്നും ഇന്നും താന്‍ കണക്കാണെന്ന് പറഞ്ഞുകൊണ്ട്, അതിന് തെളിവായി താനെഴുതിയ കണക്ക് പരീക്ഷയുടെ ഉത്തരക്കടലാസും പരസ്യമാക്കികൊണ്ടാണ് സുരഭി എത്തിയിരിക്കുന്നത്.
15 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള എസ്.എസ്.എല്‍.സി കാലഘട്ടത്തിലെ പഴയ ഉത്തരകടലാസ്സുകള്‍ പ്രേക്ഷകരെ കാണിച്ച സുരഭിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
വീട് വൃത്തിയാക്കുന്നതിനിടെ പഴയ പുസ്തകങ്ങളുടെ കൂട്ടത്തില്‍ നിന്ന് ലഭിച്ച ഉത്തരക്കടലാസ്സുകളാണ് സുരഭി ഫേസ്ബുക്ക് ലൈവിലൂടെ കാണിച്ചത്. കണക്ക്, ബയോളജി, മലയാളം, ഹിന്ദി, ജോഗ്രഫി എന്നിവയുടെ മാര്‍ക്കുകള്‍ പരസ്യപ്പെടുത്തിയ സുരഭി ഉത്തരക്കടലാസ്സുകള്‍ കാര്യമായി വിശകലനം ചെയ്യുന്നുണ്ട്.
ഉത്തരക്കടലാസ്സുകളുടെ കൂട്ടത്തിലെ കണക്ക് പേപ്പറിന്റെ മാര്‍ക്കാണ് ഏറെ രസകരം. 50 മാര്‍ക്കില്‍ പതിമൂന്ന് മാര്‍ക്കാണ് ഉള്ളത്. ഇത്രയും മാര്‍ക്ക് തന്നെയാണ് എസ്.എസ്.എല്‍.സിയ്ക്കും തനിക്ക് ലഭിച്ചതെന്നും സുരഭി പറയുന്നു.
അതേസമയം ഹിന്ദി പേപ്പര്‍ കൈയിലെടുത്ത സുരഭി ആ വിഷയത്തിന് താന്‍ മോശമല്ലെന്നും, 50 ല്‍ 32 മാര്‍ക്കുണ്ടെന്നും പറയുന്നുണ്ട്.
പല പ്രമുഖരും മടിക്കുന്ന കാര്യമാണ് സുരഭി ചെയ്തിരിക്കുന്നത് എന്നും ഇത്ര ധൈര്യത്തോടെ ഉത്തരക്കടലാസ്സുകള്‍ വെളിപ്പെടുത്തിയ സുരഭിയ്ക്ക് അഭിനന്ദനങ്ങളെന്ന് പറഞ്ഞ് ധാരാളം പേര് കമന്റ് ചെയ്തിട്ടുണ്ട്.
മാര്‍ക്ക് കുറവ് മാത്രം വാങ്ങുന്ന ഒരു ശരാശരി വിദ്യാര്‍ഥിയായത് നന്നായെന്നും അങ്ങനെയായതുകൊണ്ടാണ് മലയാളസിനിമയക്ക് ഒരു ദേശീയ അവാര്‍ഡ് ജേതാവിനെ കിട്ടിയതെന്നുമാണ് ഒരാള്‍ സുരഭിയുടെ വീഡിയോയ്ക്ക് കമന്റ് ചെയ്തത്.
ഇതിനു മുമ്പ് സമാനമായ രീതിയില്‍ തന്റെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ ചിത്രം പങ്കുവെച്ച സംഗീത സംവിധായകന് ഗോപി സുന്ദറും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
പത്താം ക്ലാസ്സില്‍ താന്‍ തോറ്റ കാര്യം പരസ്യപ്പെടുത്തിയ അദ്ദേഹം സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു.