“കുടുംബപ്രേക്ഷകർ തിരിച്ചറിയുന്ന മുഖമാണ് അശോകൻ ചേട്ടന്റേത്. ധാരാളം ഫാമിലി പടങ്ങളിലൂടെ, കോമഡി സീനുകളിലൂടെ ജനഹൃദയങ്ങളിലുള്ള ആർട്ടിസ്റ്റാണ് അദ്ദേഹം. അദ്ദേഹം സംവിധാനം ചെയ്ത ആദ്യ സിനിമയും അങ്ങനെ തന്നെയാണ്. ഇതു കുടുംബങ്ങൾക്കു വേണ്ടിയുള്ള സിനിമയാണ്. ക്ലീൻ ഫാമിലി കോമഡി എന്റർടെയ്നർ. ‘കിനാവള്ളി’ കണ്ടിട്ടാണ് അശോകൻ ചേട്ടൻ എന്നെ വിളിച്ചത്. ഈ സിനിമയിൽ രണ്ടു നായികമാരാണ്; ഞാനും മമിത ബൈജുവും…” ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്ത ‘ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി’യിൽ ലച്ചുവായി വേഷമിട്ട സുരഭി സന്തോഷ് സംസാരിക്കുന്നു.
തുടക്കം കന്നട സിനിമകളിൽ….?
പ്ലസ് ടു പഠനകാലത്താണ് ആദ്യ സിനിമ ചെയ്തത് – കന്നട ചിത്രം ദുഷ്ട. നൃത്തപശ്ചാത്തലമാണു സിനിമയിലെത്തിച്ചത്. നൃത്തവുമായി ബന്ധപ്പെട്ട് ഒരു ചാനലിൽ വന്ന എന്റെ ഇന്റർവ്യൂ കണ്ടാണ് സിനിമയിലേക്കു വിളിച്ചത്. ആറു വയസിൽ നൃത്തപഠനം തുടങ്ങി. ഭരതനാട്യത്തിലാണ് സ്പെഷലൈസേഷൻ. ദൂരദർശനിൽ ബി ഗ്രേഡ് ആർട്ടിസ്റ്റാണ്. പത്മിനി രാമചന്ദ്രൻ എന്ന ഗുരുവിന്റെ ശിഷ്യത്വത്തിലായിരുന്നു അരങ്ങേറ്റം. ഇന്റർനാഷണൽ പെർഫോർമർ കൃതി രാംഗോപാലാണ് ഇപ്പോൾ ഗുരു.
കന്നടയിൽ പിന്നീട് ജഡായു, സെക്കൻഡ് ഹാഫ് എന്നീ സിനിമകൾ കൂടി ചെയ്തു. തിരുവനന്തപുരമാണു സ്വദേശം. അച്ഛൻ ആർമിയിൽ ആയിരുന്നു. അദ്ദേഹത്തിന്റെ വോളണ്ടറി റിട്ടയർമെന്റിനുശേഷം ബംഗളൂരുവിലാണ് ഞങ്ങൾ സ്ഥിരതാമസമായത്. എന്റെ സ്കൂൾ, കോളജ് പഠനം അവിടെയായിരുന്നു. ഡിഗ്രി ബിഎ എൽഎൽബി.
കുട്ടനാടൻ മാർപാപ്പയിലൂടെ മലയാളത്തിൽ….?
മലയാളത്തിൽ ‘കിനാവള്ളി’യുടെ ഷൂട്ടിംഗാണ് ആദ്യം തുടങ്ങിയതെങ്കിലും ‘കുട്ടനാടൻ മാർപാപ്പ’യാണ് ആദ്യം റിലീസായത്. ‘ഓർഡിനറി’യുടെ സംവിധായകൻ സുഗീതാണ് കിനാവള്ളി സംവിധാനം ചെയ്തത്. കിനാവള്ളി ഷൂട്ട് ചെയ്ത ശേഷമാണ് അദ്ദേഹം ചാക്കോച്ചനൊപ്പം ‘ശിക്കാരിശംഭു’ചെയ്തത്. കിനാവള്ളിയിലെ എന്റെ കുറച്ചു സീനുകൾ ചാക്കോച്ചൻ കാണാനിടയായി. ചാക്കോച്ചൻ വഴിയാണ് എനിക്ക് ‘കുട്ടനാടൻ മാർപാപ്പ’യിൽ വേഷം കിട്ടിയത്.
കഥ കേട്ടപ്പോൾത്തന്നെ ആനി എന്ന ആ കാരക്ടറിനോട് ഇഷ്ടം തോന്നി. കഥയുടെ ക്ലൈമാക്സിൽ ഫിലിമിനെ തന്നെ മാറ്റിമറിക്കുന്ന ഒരു കഥാപാത്രമായിരുന്നു അത്. അത്തരം സൂചനകളൊന്നും കഥയുടെ ആദ്യഭാഗങ്ങളിൽ കൊടുത്തിരുന്നില്ല. ആളുകൾക്ക് ആ കഥാപാത്രം ഒരു സർപ്രൈസായി വന്നു. നല്ല അഭിപ്രായമാണ് ആ കഥാപാത്രത്തിനു കിട്ടിയത്.
‘ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി’ പറയുന്നത്….?
അഞ്ചു സുഹൃത്തുക്കളുടെ കഥയാണ് ഈ സിനിമ പറയുന്നത്. മലേഷ്യയിൽ നിന്നു നാട്ടിലേക്കു വരുന്ന ഒരു കുടുംബം ഈ അഞ്ചു കൂട്ടുകാരുടെ ഇടയിലേക്ക് എത്തുന്പോൾ സംഭവിക്കുന്ന ചില കാര്യങ്ങളാണു കഥാഗതി നിർണയിക്കുന്നത്. മലേഷ്യയിൽ തുടങ്ങി നാട്ടിൽ തുടരുന്ന ഒരു ട്രാക്കും ഈ സിനിമയിലുള്ളതിനാലാണ് ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി എന്നു ടൈറ്റിൽ വന്നത്. കോമഡിയും ഡ്രാമയും കുറച്ചു സസ്പെൻസുമൊക്കെയുള്ള ഒരു സിനിമയാണിത്. കുടുംബ പ്രേക്ഷകർക്ക് ഇഷ്ടമാകുമെന്നു പ്രതീക്ഷിക്കുന്നു.
മറ്റു വേഷങ്ങളിൽ….?
രാഹുൽ മാധവാണ് മെയിൻ ലീഡ്. എന്റെ സഹോദരനായി വേഷമിട്ട ദീപക് പറന്പോൾ, ക്വീനിലെ അശ്വിൻ ജോസ്, ധർമജൻ ചേട്ടൻ, ബിജുക്കുട്ടൻ ചേട്ടൻ എന്നിവരുമുണ്ട്. ഇവരാണ് അഞ്ചു സുഹൃത്തുക്കളായി വരുന്നത്. മനോജ് കെ. ജയൻ, ടിനി ടോം, ജോണ് കൈപ്ലിൻ എന്നിവരാണു മലേഷ്യയിൽ നിന്നു നാട്ടിലേക്കു വന്ന ഫാമിലിയിലെ സഹോദരന്മാരുടെ വേഷത്തിൽ വരുന്നത്.
കഥാപാത്രത്തെക്കുറിച്ച്….?
കുട്ടനാടൻ മാർപാപ്പയിലെപ്പോലെ നഴ്സ് കാരക്ടറാണ് ഇതിലും. ലച്ചു എന്നാണു കഥാപാത്രത്തിന്റെ പേര്. സ്വഭാവത്തിൽ രണ്ടു കഥാപാത്രങ്ങളും തമ്മിൽ ഏറെ വ്യത്യാസമുണ്ട്. ലച്ചു കുറച്ചുകൂടി ബോൾഡും സ്ട്രോംഗുമാണ്. കാര്യങ്ങൾ പറയാനും പ്രവർത്തിക്കാനും യാതൊരു മടിയുമില്ല. കുറച്ചു കുസൃതിയൊക്കെയുള്ള ടോംബോയ്ഷ് കഥാപാത്രം. ഞാൻ വ്യക്തിപരമായി ലച്ചുവിനോളം ബോൾഡ് അല്ല, ടോംബോയ്ഷ് അല്ല. അതിനാൽ ലച്ചുവായി മാറാൻ കുറച്ചു സ്റ്റാർട്ടിംഗ് ട്രബിൾ ഉണ്ടായിരുന്നു. ക്രമേണ സീനുകൾ ചെയ്തുവന്നപ്പോൾ ഓകെയായി.
മമിതയുടേതും തുല്യപ്രാധാന്യമുള്ള വേഷമാണോ….?
മമിതയുടേതും നല്ല പ്രാധാന്യമുള്ള കഥാപാത്രമാണ്. ഞാൻ ജോലി ചെയ്യുന്ന ആശുപത്രിയുടെ എംഡി ആയിട്ടാണ് മമിതയുടെ കഥാപാത്രം. പ്ലസ് വണിനു പഠിക്കുകയാണ് മമിത. മമിതയുടെ പ്രായത്തിനെക്കാളും പക്വതയുള്ള കഥാപാത്രമാണത്. ഹണിബീ, ഹണിബീ2, വരത്തൻ, ഡാകിനി തുടങ്ങിയ സിനിമകളിൽ മമിത നേരത്തേ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇതിൽ ഒരു ലീഡായിട്ടാണു വരുന്നത്.
ഹരിശ്രീ അശോകൻ എന്ന സംവിധായകനൊപ്പം….?
അശോകേട്ടൻ ആദ്യം നടനാണ്. അതിനാൽ അശോകേട്ടന് ആക്ടർ എന്ന നിലയിലും കാര്യങ്ങൾ പറഞ്ഞുതരാനാവും. ആക്ടറായും ഡയറക്ടറായും അദ്ദേഹത്തിന് ഒരു സീൻ വിശദീകരിക്കാനാവും. അതാണ് ഏറ്റവും വലിയ നേട്ടം. എന്താണ് തനിക്കു വേണ്ടതെന്ന് പലപ്പോഴും അദ്ദേഹം അഭിനയിച്ചുകാണിച്ചിരുന്നു. അപ്പോൾ ആ ഒരു റേഞ്ചിൽ ശ്രമിച്ചാൽ മതിയെന്നു നമുക്കു മനസിലാവും.
എപ്പോഴും വളരെ ശാന്തമായി സീൻ വായിച്ചു പറയുന്ന രീതിയാണ് അദ്ദേഹത്തിന്റേത്. സെറ്റിൽ ബഹളവും ദേഷ്യപ്പെടലുമൊന്നുമില്ല. രഞ്ജിത്ത്, സനീഷ്, ഇബാൻ എന്നിവരാണ് സ്ക്രിപ്റ്റ് ഒരുക്കിയത്. സ്ക്രിപ്റ്റിലും അശോകേട്ടന്റേതായ ഒരു ടച്ച് ഉണ്ട്.
സെറ്റിലെ അനുഭവങ്ങൾ…?
സെറ്റിൽ എല്ലാവരും ഒരു കുടുംബം പോലെയായിരുന്നു. എസ് സ്ക്വയർ സിനിമാസിന്റെ ബാനറിൽ എം.ഷിജിത്ത് നിർമിച്ച് ആദ്യ സിനിമയാണിത്. ആർട്ടിസ്റ്റുകൾക്കും സിനിമയ്ക്കും ഒരു കുറവും വരാതെ എല്ലാവരെയും കംഫർട്ടബിളാക്കിയ പ്രൊഡ്യൂസറാണ് അദ്ദേഹം. എന്തും ചെന്നു പറയാനും ചോദിക്കാനുമുള്ള സ്വാതന്ത്ര്യം അദ്ദേഹം നല്കി. ഷിജിത്തിന്റെയും ഹരിശ്രീ അശോകനൻ ചേട്ടന്റെയും സിനിമ നല്ല രീതിയിൽ വരട്ടെ.
ഈ സിനിമയിലെ പാട്ടുകൾ…?
ഗോപിസുന്ദർ, അരുണ്രാജ്, നാദിർഷ എന്നിവരാണ് ഇതിലെ പാട്ടുകളൊരുക്കിയത്. അശോകൻ ചേട്ടന്റെ മകൻ അർജുൻ അശോകനാണ് പട്ടണം മാറീട്ടും… എന്ന പ്രമോഷൻ സോംഗ് പാടിയത്. ഡ്യൂയറ്റ് മ്യൂസിക് ചെയ്തതു ഗോപിസുന്ദർ. വരികൾ എഴുതിയതു ബി.കെ.ഹരിനാരായണൻ. ശ്വേതയും ഹരിശങ്കറുമാണ് പാടിയത്. ഉത്സവത്തിന്റെ പശ്ചാത്തലത്തിലുള്ള മലയുടെ മേലേ കാവിൽ… എന്ന പാട്ട് എഴുതിയത് രാജീവ് ആലുങ്കൽ. പാടിയത് അഫ്സൽ. സംഗീതം നാദിർഷ.
റോളുകൾ സ്വീകരിക്കുന്പോൾ….?
ഞാൻ ഇതുവരെ ചെയ്ത എല്ലാ പടങ്ങളിലും ലീഡ് ആയിരുന്നു. കിനാവള്ളിയിലും ലീഡ് ആയിരുന്നു. മാർപാപ്പയിൽ ലീഡ് എന്നു പറയാനാവില്ലെങ്കിലും കഥയിൽ ഏറെ പ്രാധാന്യമുള്ള വേഷം. തുടക്കക്കാരി എന്ന നിലയിൽ, വരുന്ന ഓഫറുകളിൽ നമുക്കു ചെയ്യാനാകുന്ന ഏറ്റവും നല്ല വേഷങ്ങൾ നോക്കി ചെയ്യുന്നു. ടീം, ഡയറക്ടർ, ആക്ടേഴ്സ് എന്നിവയും നോക്കാറുണ്ട്. നർത്തകിയുടെ വേഷം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അങ്ങനെ ഒരു സിനിമ വന്നാൽ തീർച്ചയായും ചെയ്യും.
‘ഗ്രാൻഡ് ഫാദർ’ അനുഭവങ്ങൾ….?
സക്കറിയയുടെ ഗർഭിണികൾ, കുന്പസാരം എന്നീ പടങ്ങൾ സംവിധാനം ചെയ്ത അനീഷ് അൻവറിന്റെ ‘ഗ്രാൻഡ് ഫാദറി’ലാണ് ഇപ്പോൾ അഭിനയിക്കുന്നത്. ഒരു ഫാമിലിയെ ചുറ്റിപ്പറ്റി പറയുന്ന കഥയാണത്. കുട്ടനാടൻ മാർപാപ്പയുടെ നിർമാതാവ് ഹസീബ് ഹനീഫാണ് ഇതിന്റെയും നിർമാതാവ്. ജയറാമേട്ടനാണ് ലീഡ്. ഇതിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷമാണു ഞാൻ ചെയ്യുന്നത്. സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്ന, ട്വിസ്റ്റ് കൊണ്ടുവരുന്ന വളരെ കരുത്തുറ്റ ഒരു കഥാപാത്രം. വിഷുവിനുശേഷമാണു റിലീസ്. രണ്ടു മൂന്നു നല്ല പ്രോജക്ടുകൾ ചർച്ചയിലാണ്. കൂടുതൽ സിനിമകൾ ചെയ്യണമെന്നില്ല, ചെയ്യുന്നതു നല്ല സ്ക്രിപ്റ്റിൽ ആയിരിക്കണം എന്നാണ് ആഗ്രഹം.
വീട്ടുവിശേഷങ്ങൾ…?
അച്ഛൻ സന്തോഷ് കുമാർ. അമ്മ സിന്ധു. സഹോദരൻ ശശാങ്ക് സകുടുംബം കാനഡയിൽ. അമ്മയാണ് എന്നെ നൃത്തം അഭ്യസിപ്പിക്കാൻ ഏറെ താത്പര്യമെടുത്തത്. ഞാൻ നടി എന്നതിലുപരി നർത്തകിയായി അറിയപ്പെടണമെന്നാണ് അമ്മയുടെ ആഗ്രഹം. കരിയറിൽ അച്ഛനാണ് ഏറെ സപ്പോർട്ട് ചെയ്യുന്നത്.
ടി.ജി.ബൈജുനാഥ്