മലയാള സിനിമയില്‍ പകരക്കാരനില്ലാത്ത പ്രതിഭയാണ് കുതിരവട്ടം പപ്പു. പപ്പു അനശ്വരമാക്കിയ ഒട്ടേറെ കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ ഉണ്ടെങ്കിലും വെള്ളാനകളുടെ നാട് എന്ന സിനിമയിലെ പപ്പുവിന്റെ കഥാപാത്രം ഒരു സിനിമാസ്വാദകന് ഒരുകാലത്തും മറക്കാത്തതാണ്. താമരശ്ശേരി ചുരം എന്ന വാക്കു കേള്‍ക്കുമ്പോള്‍ ഒരു ശരാശരി മലയാളിയുടെ മനസില്‍ ഓടിയെത്തുന്നത് വെള്ളാനകളുടെ നാട് എന്ന സിനിമയും അതില്‍ കുതിരവട്ടം പപ്പു പറയുന്ന ഡയലോഗുമാണ്. ഇപ്പോള്‍ ഡബ്സ്മാഷൊക്കെ പോപ്പുലറായതോടെ നിരവധിയാളുകള്‍ പപ്പുവിന്റെ പഴയകാല ഡയലോഗുകളുമായി രംഗത്തെത്തുകയുണ്ടായി.
പലതും മികച്ച നിലവാരം പുലര്‍ത്തിയെങ്കിലും മികച്ച അഭിനേത്രിയ്ക്കുള്ള ദേശീയ അവാര്‍ഡ് ജേതാവായ സുരഭിലക്ഷ്മി പപ്പുവിന്റെ താമരശ്ശേരി പുനരവതരിപ്പിച്ചപ്പോള്‍ അതിനൊരു പ്രത്യേക ഭംഗിയായിരുന്നു. സുരഭിലക്ഷ്മി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്ത വീഡിയോയ്ക്ക് ലൈക്കുകളുടെയും അഭിനന്ദനങ്ങളുടെയും ചാകരയാണ്. വീഡിയോയെക്കുറിച്ച് സുരഭിലക്ഷ്മി പറഞ്ഞതിങ്ങനെയാണ്. ‘ എന്റെ നാട്ടുകാരനായ പപ്പു ചേട്ടന്റെ ഒരു കടുത്ത ആരാധികയാണ് ഞാന്‍. ഈ അടുത്ത ദിവസം വെള്ളാനകളുടെ നാട് വീണ്ടും കാണാനിടയായി. താമരശ്ശേരി ചുരത്തെ ഇത്രയും പ്രശസ്തമാക്കിയ ഈ dialogue എത്ര കണ്ടാലും എനിക്ക് മതിവരാറില്ല. ഒരുപാട് കുറവുകളുണ്ട് എന്ന തിരിച്ചറിവോടെ ഒരു ശ്രമം’.