തൊടുപുഴ: ഓണാഘോഷത്തിനിടെ കുഴഞ്ഞൂ വീണു മരിച്ച വിദ്യാർഥിനിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടു പോയി. മലപ്പുറം ഇടക്കര മുത്തേടംകണ്ടയിൽ കെ.സുന്ദരന്റെ മകളും മുട്ടം ധന്വന്തരി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിനിയുമായ സുരഭി (19) ആണ് വെള്ളിയാഴ്ച കോളജിൽ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ മരിച്ചത്.
സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നു രാവിലെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. തുടർന്ന് സ്വദേശമായ മലപ്പുറത്തേക്ക് കൊണ്ടു പോയി. ഓണാഘോഷ മത്സരത്തിൽ പങ്കെടുക്കാൻ സ്റ്റേജിലേക്ക് കയറുന്നതിനിടെ സുരഭി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ സഹപാഠികളും ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരും മുട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
പിന്നീട് നില വഷളായതിനെ തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിൽ ദുരൂഹതയില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയതിനു ശേഷമെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും പോലീസ് അറിയിച്ചു. മാതാവ് സരോജിനി. സഹോദരങ്ങൾ: സൂരജ്, സൂര്യ സുന്ദർ.