ചിങ്ങവനം: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി വ്യാപാരിയുടെ മരണക്കുറിപ്പ്.
കോവിഡിനെ തുടർന്നുണ്ടായ സാന്പത്തിക പ്രതിസന്ധിയെ തുടർന്നു ഫേസ്ബുക്കിൽ സർക്കാരിനെതിരേ കടുത്ത വിമർശനത്തോടെ പോസ്റ്റിട്ട ശേഷം ഹോട്ടലുടമ ജീവനൊടുക്കിയ സംഭവം സമൂഹ മാധ്യമങ്ങളിലും വലിയ തോതിൽ ചർച്ചയായി.
കുറിച്ചിയിലെ വിനായക ഹോട്ടലുടമ കനകക്കുന്ന് ഗുരുദേവഭവനിൽ സരിൻ മോഹനാ(42)ണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്.
വിദേശത്തായിരുന്ന സരിൻ തിരികെ നാട്ടിലെത്തിയശേഷം ആറു മാസം മുന്‍പാണു കുറിച്ചിയിൽ ഹോട്ടൽ ആരംഭിച്ചത്.
ഹോട്ടലിൽ നിന്നും നന്നായി വരുമാനം ലഭിച്ചതോടെ ഇയാൾ കുറിച്ചിയിൽ ഇതേ കെട്ടിടത്തിൽ തന്നെ ടെക്സ്റ്റൈൽ ഷോപ്പിനും, സ്പെയർ പാട്സ് കടയ്ക്കുമായി ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.
രണ്ടാം കോവിഡ് തരംഗത്തെ തുടർന്നു ലോക്ക് ഡൗണ്‍ വരികയും ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദം ഇല്ലാതെ വരികയും ചെയ്തു.
ഇതോടെ സരിന്റെ ഹോട്ടലിലും പ്രതിസന്ധിയുണ്ടായി. ഹോട്ടലിനും ടെക്സ്റ്റൈൽസിനും സ്പെയർ പാട്സ് കടയ്ക്കുമായി ഒരു മാസം 35,000 രൂപയായിരുന്നു വാടകയായി നൽകേണ്ടിയിരുന്നത്.
കോവിഡിന്റെ രണ്ടാം തരംഗത്തെത്തുടർന്നു ലോക് ഡൗണ്‍ പ്രഖ്യാപിച്ചതും ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കാതിരുന്നതും സരിന്റെ ജീവിതത്തെയും ബാധിച്ചു.
പല സ്ഥലത്തുനിന്നും കടംവാങ്ങിയും പണയം വച്ചുമാണ് സരിൻ ഹോട്ടലിന്റെയും കെട്ടിടത്തിന്റെയും വാടകയും വീട്ടുചിലവും അടക്കം നടത്തിയിരുന്നത്.
ഇതേ തുടർന്നു സാന്പത്തിക പ്രതിസന്ധി വർധിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ലോക് ഡൗണിനെ തുടർന്നു ടെക്സ്റ്റെൽ ഷോപ്പും സ്പെയർ പാട്സ് കടയും തുറക്കാനാവാതെ വന്നത് പ്രതിസന്ധി ഇരട്ടിയാക്കി.
പലരിൽ നിന്നും കടംവാങ്ങിയ പണം ആവശ്യപ്പെട്ട് വിവിധ കോണുകളിൽനിന്നും ആളുകൾ ശല്യം ചെയ്തു തുടങ്ങിയതോടെ സരിൻ മോഹന്‍ പിടിച്ചു നിൽക്കാനാവാതെ വന്നതായി ബന്ധുക്കൾ പറയുന്നു.
ഇദ്ദേഹം ജീവനൊടുക്കിയതായാണ് ബന്ധുക്കൾ പറയുന്നത്. ഇളയ കുട്ടിയായ സിദ്ധാർത്ഥ് ഓട്ടിസം ബാധിതനാണ്.
സിദ്ധാർത്ഥിന്റെ ചികിത്സയ്ക്ക് അടക്കം പണം കണ്ടെത്താനാവാതെ വന്നതോടെയാണ് സരിൻ ജീവനൊടുക്കിയതെന്നാണ് സംശയിക്കുന്നത്.
ഇന്നലെ പുലർച്ചെ 4.30നു ഫെയ്സ്ബുക്ക് പോസ്റ്റിനുശേഷം കുറിച്ചി ലെവൽ ക്രോസിനു സമീപത്തു കോട്ടയം ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്കുപോയ ചെന്നൈ സൂപ്പർ ഫാസ്റ്റിനു മുന്നിൽ സരിൻ ചാടുകയായിരുന്നുവെന്നാണ് വിവരം.
ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ടി.ആർ. ജിജുവിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയിരുന്നു.
ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കുറിച്ചി എസ്എൻഡിപി ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: രാധു മോഹൻ, മക്കൾ: കാർത്തിക (ഒന്‍പതാം ക്ലാസ് വിദ്യാർഥി), സിദ്ധാർത്ഥ് (കണ്ണൻ).