പരിയാരം(കണ്ണൂർ): ഏഴിമല നാവിക അക്കാഡമിയില്‍ ദുരൂഹസാഹചര്യത്തില്‍ കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ നേവൽ ഓഫീസർ ട്രെയിനി മരിച്ചു. നാവിക അക്കാഡമി അധികൃതര്‍ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് വീട്ടുകാർ പോലീസില്‍ പരാതി നല്കി.
മലപ്പുറം തിരൂര്‍ കാനല്ലൂരിലെ പുത്രക്കാട്ട് ഹൗസില്‍ റിട്ട. നാവികസേന ഉദ്യോഗസ്ഥന് കര്‍ണാടക സ്വദേശി ഗൂഡപ്പയുടേയും തിരൂരിലെ പുഷ്പലതയുടേയും മകന് സൂരജ്(25) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 7.10 നാണ് സൂരജിനെ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് നാവിക അക്കാഡമി അധികൃതര്‍ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചത്. ഇന്നു പുലര്‍ച്ചെ 3.30 നാണ് മരണം സംഭവിച്ചത്. സൂരജിനെ നാവിക അക്കാഡമി അധികൃതര്‍ കൊന്നതാണെന്ന് സഹോദരന് സനോജ് ആരോപിച്ചു. ഇത് സംബന്ധിച്ച് പരാതി പരിയാരം പോലീസില്‍ നല്‍കിയെങ്കിലും സംഭവം നടന്നത് പയ്യന്നൂര്‍ സ്റ്റേഷന് പരിധിയിലായതിനാല്‍ പരാതി പയ്യന്നൂര്‍ സ്റ്റേഷനില്‍ നല്‍കിയിട്ടുണ്ട്. പോലീസ് കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും.
സംഭവത്തെക്കുറിച്ച് സഹോദരന് സനോജ് പറയുന്നത് ഇങ്ങനെ: നേവിയില്‍ സെയിലര്‍ പോസ്റ്റില്‍ 2010 ലാണ് സൂരജ് ജോലിയില്‍ ചേര്‍ന്നത്. ഇതിനിടയില്‍ പരീക്ഷയെഴുതി ഓഫീസര്‍ പോസ്റ്റില്‍ പ്രവേശിച്ചു. 2013 ലാണ് പരിശീലനത്തിനായി ഏഴിമലയില്‍ വന്നത്. അന്ന് മുതല്‍ തന്നെ ചതിയിലൂടെയാണ് ഓഫീസര്‍ സെലക്ഷന് നേടിയതെന്ന് ആരോപിച്ച് സൂരജിനെ അക്കാഡമി അധികൃതര്‍ പല വിധത്തില്‍ പീഡിപ്പിക്കുകയും 2015 ൽ രണ്ടാം സെമസ്റ്റര്‍ പരിശീലനത്തിനിടെ ആരോപണങ്ങള്‍ ഉന്നയിച്ച്പിരിച്ചുവിടുകയും ചെയ്തു.
എന്നാല്‍ സൂരജ് നാവികസേന അധികൃതര്‍ക്കെതിരെ കേരള ഹൈക്കോടതിയില്‍ ഹർജി നല്കി നിയമ പോരാട്ടം ആരംഭിച്ചു. ഒടുവില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഏഴിമലയിലെ നാവിക സേനാ മേധാവിക്കെതിരേ രൂക്ഷമായ വിമര്‍ശനത്തോടെ സൂരജിന് അനുകൂലമായി ഹൈക്കോടതി വിധി പുറത്തുവന്നത്. ഇതോടെ തിരിച്ചെടുക്കുകയല്ലാതെ നാവികസേനക്ക് മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു.
ഫെബ്രുവരിയില്‍ തന്നെ വീണ്ടും പരിശീലനത്തിന് സൂരജ് തിരികെ ഏഴിമലയില്‍ എത്തി. കോടതി വിധി വന്നപ്പോള്‍ തന്നെ നീ തിരികെ ഏഴിമലയിലേക്ക് തന്നെയല്ലേ വരുന്നതെന്നും കാണിച്ചു തരാമെന്നും അധികൃതര്‍ സൂരജിനെ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയിൽ പറയുന്നുണ്ട്. തിരികെ പരിശീലനത്തിന് എത്തിയത് മുതല്‍ തന്നെ നിരന്തരം പീഡനമായിരുന്നുവെന്ന് ഫോണില്‍ തന്നെ സൂരജ് അറിയിക്കാറുണ്ടായിരുന്നുവെന്ന് സഹോദരൻ പറയുന്നു. അലമാരക്കുള്ളില്‍ അടച്ചിടുക, കഠിനമായി മര്‍ദ്ദിക്കുക, അധിക്ഷേപിക്കുക തുടങ്ങി വിവിധ തരം പീഡനങ്ങള്‍ക്ക് വിധേയനാവേണ്ടി വരുന്നുണ്ടെന്ന് സൂരജ് അറിയിച്ചിരുന്നതായും സഹോദരൻ പറഞ്ഞു.
10 ദിവസം കഴിഞ്ഞ് അവധിക്ക് നാട്ടില്‍ വരേണ്ടതായിരുന്നു. എന്നാല്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് അക്കാഡമി അധികൃതരും മറ്റ് കാഡറ്റുകളും പറയുന്നത്. ഞാന്‍ അക്കാഡമിയെ ചതിച്ചാണ് ഓഫീസര്‍ പോസ്റ്റില്‍ പ്രവേശനം നേടിയതെന്ന് സ്വയം ഏറ്റുപറഞ്ഞ് സുരജ് രണ്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ തന്റെ സഹോദരന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നും കൊന്നതാണെന്നും സനോജ് പറഞ്ഞു. ഇതിനെതിരെ നിയമത്തിന്റെ വഴിയില്‍ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു. മരിച്ച സുരജിന്റെ മാതാപിതാക്കളും ഇന്ന് പുലര്‍ച്ചയോടെ തന്നെ പരിയാരത്ത് എത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ മൃതദേഹം തിരൂരിലേക്ക് കൊണ്ടുപോകും