കൊച്ചി: തനിക്കു ലഭിച്ച അവാര്‍ഡ് വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കായി സമര്‍പ്പിക്കുന്നതായി മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച നടന് സുരാജ് വെഞ്ഞാറമൂട്. ഏലൂരിലെ പാതാളത്ത് ഡിജോ ജോസ് ആന്റണിയുടെ ‘ജനഗണമന’ എന്ന സിനിമയുടെ സെറ്റില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സുരാജ്.
2019ല്‍ കുറെ നല്ല വേഷങ്ങള്‍ ലഭിച്ചു. ദേശീയ അവാര്‍ഡ് അതിനൊരു കാരണമായി. ആന്‍ഡ്രോയിഡ് കുഞ്ഞപ്പനില്‍ മറ്റു പലരെയും പരിഗണിച്ചിരുന്നു.
അവസാനമാണ് എന്നിലേക്ക് എത്തിയത്. ഈ സിനിമയില്‍ ഒരു യന്ത്രത്തോടു സംസാരിച്ച് അഭിനയിക്കുന്നത് വെല്ലുവിളിയായിരുന്നു. ‘വികൃതി’യിലാകട്ടെ മൂകനും ബധിരനുമായ ഒരാള്‍ അപമാനിക്കപ്പെടുന്നതും അയാളനുഭവിക്കുന്ന സംഘര്‍ഷങ്ങളുമാണ് അവതരിപ്പിച്ചത്. അതും വെല്ലുവിളിതന്നെയായിരുന്നു.
സംസ്ഥാനത്തെ അവസാനത്തെ ഹാസ്യനടുള്ള അവാര്‍ഡ് ജേതാവ് ഞാനാണ്. എനിക്കു കിട്ടിയതോടെ ആ അവാര്‍ഡ് നിര്‍ത്തലാക്കി. ഞാന്‍ ഓരോ സിനിമയും സൂക്ഷ്മതയോടെയാണ് തെരഞ്ഞെടുക്കുന്നത്. കൊറോണ നീങ്ങുന്നതോടെ എല്ലാം പഴയപോലെ ആകും – സുരാജ് പറഞ്ഞു.