വിഴിഞ്ഞം: ആഴാകുളത്തെ കൊലപാതകത്തിൽ പ്രതിയായ ഓട്ടോ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി. കോവളം തൊഴിച്ചൽ മൂങ്ങോട്ടുകോണം വീട്ടിൽ സുരാജ് (25)ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തൊഴിച്ചൽ സ്വദേശി മനു (26)വിന്റെ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയെങ്കിലും കുത്താനുപയോഗിച്ച കത്തി കണ്ടെത്താനായില്ല.
സംഘർഷ സാധ്യത കണക്കിലെടുത്ത് രഹസ്യമായാണ് തെളിവെടുപ്പിന് കൊണ്ടുവന്നത് . കത്തിക്കുത്തുമായി ബന്ധപ്പെട്ട് മനു നൽകിയ മൊഴി പോലീസ് കാര്യമായെടുത്തിട്ടില്ല. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പും ചോദ്യം ചെയ്യലും നടത്തും.ഇതിനിടയിൽ ആശുപത്രിയിൽ കഴിയുന്ന വിനീഷ് ചന്ദ്രന്റെ മൊഴിയെടുക്കാനുള്ള ശ്രമം ഫലം കണ്ടില്ല.
കഴിഞ്ഞ ദിവസം രാത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയ വിനീഷ് അപകടനില തരണം ചെയ്തിട്ടില്ല.
കൊലക്ക് പിന്നിലെ വ്യക്തമായ കാരണം അറിയണമെങ്കിൽ ഇയാളുടെ മൊഴിയെടുക്കണമെ ന്ന് കോവളം സിഐ അനിൽ കുമാർ അറിയിച്ചു. വ്യാഴാഴ്ച രാവിലെ നടന്ന വാക്കുതർക്കത്തിന്റെ തുടർച്ചയാണ് വൈകുന്നേരത്തെ കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചത്.