തലശേരി: മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകനായിരുന്ന എളമ്പിലായി സൂരജിനെ (32) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഴപ്പിലങ്ങാട് മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ എട്ട് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം. പതിനൊന്നാം പ്രതിയെ ജാമ്യത്തിൽ വിട്ടു. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് കെ.ടി. നിസാറാണ് ശിക്ഷ വിധിച്ചത്.
ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതിയായ പാനൂർ പത്തായക്കുന്ന് കാരായിന്റവിട സ്വദേശി ടി.കെ രജീഷ് (50), തലശേരി കൊളശേരി കാവുംഭാഗത്തെ കോമത്ത് പാറാൽ എൻ.വി. യോഗേഷ് (40), എരഞ്ഞോളി അരങ്ങേറ്റുപറമ്പിലെ കണ്ട്യൻ വീട്ടിൽ ജിത്തു എന്ന ഷംജിത്ത് (48), മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി പി.എം. മനോജിന്റെ സഹോദരൻ കൂത്തുപറമ്പ് നരവൂരിലെ പുത്തൻപറമ്പത്ത് മമ്മാലി വീട്ടിൽ പി.എം. മനോരാജ് എന്ന നാരായണൻകുട്ടി (51), മുഴപ്പിലങ്ങാട് വാണിയന്റെ വളപ്പിൽ നെയ്യോത്ത് സജീവൻ (57), മുഴപ്പിലങ്ങാട് മുൻ പഞ്ചായത്ത് പ്രസിഡന്റും ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ പണിക്കന്റവിട പ്രഭാകരൻ (66), സിപിഎം ലോക്കൽ കമ്മറ്റി അംഗം മുഴപ്പിലങ്ങാട് ബീച്ച് റോഡിലെ പുതുശേരിവീട്ടിൽ ചോയി പപ്പൻ എന്ന പദ്മനാഭൻ(67), മുഴപ്പിലങ്ങാട് കരിയിലവളപ്പിൽ മാനോമ്പേത്ത് രാധാകൃഷ്ണൻ (60) ) എന്നിവർക്കാണ് ജീവപര്യന്തം വിധിച്ചത്.
കേസിലെ 11-ാം പ്രതിയായ മുഴപ്പിലങ്ങാട് ബീച്ച് റോഡിൽ സോപാനത്തിൽ പുതിയപുരയിൽ പ്രദീപനെ (58) കോടതി ജാമ്യത്തിൽ വിട്ടത്. രണ്ട് മുതൽ ആറ് വരെ പ്രതികളായവർക്ക് ജീവപര്യന്തവും 50,000 രൂപ പിഴയും അടയ്ക്കണം. കൂടാതെ ആയുധനിരോധന നിയമപ്രകാരം രണ്ട് വർഷം കഠിന തടവും 25,000 രൂപ പിഴയും അടയ്ക്കണം. ഏഴ് മുതൽ ഒന്പത് വരെയുള്ള പ്രതികൾക്ക് ജീവപര്യന്തവും 50,000 രൂപ പിഴയും അടയ്ക്കണം. പിഴ സംഖ്യ സൂരജിന്റെ കുടുംബത്തിന് നൽകണം.
ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പറയുന്നു. കേസിലെ പത്താം പ്രതി എടക്കാട് കണ്ണവത്തിൽമൂല നാഗത്താൻകോട്ട പ്രകാശനെ (56) കോടതി വെറുതെ വിട്ടിരുന്നു. കേസിൽ പ്രതികളായിരുന്ന മക്രേരി തെക്കുന്പാടൻ പൊയിൽ രവീന്ദ്രൻ, മുഴപ്പിലങ്ങാട് ലക്ഷം വീട് കോളനിയിലെ പള്ളിക്കൽ പി.കെ. ഷംസുദ്ദീൻ എന്നിവർ കേസിനിടെ മരിച്ചു.
2005 ഓഗസ്റ്റ് ഏഴിന് രാവിലെ 8.40 ന് മുഴപ്പിലങ്ങാട് എഫ്സിഐ ഗോഡൗണിന് സമീപമാണ് സൂരജ് കൊല്ലപ്പെട്ടത്. സിപിഎം പ്രവർത്തകനായിരുന്ന സൂരജ് ബിജെപിയിൽ ചേർന്ന വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊല്ലപ്പെടുന്നതിനു മുമ്പ് 2004ലും സൂരജിനു നേരേ വധശ്രമമുണ്ടായിരുന്നു. അന്ന് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് ആറുമാസത്തോളം ചികിത്സയിലായിരുന്നു.
28 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 51 രേഖകൾ മാർക്ക് ചെയ്തു. ഒന്പത് തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. 44 സാക്ഷികളാണ് ഉണ്ടായിരുന്നത്. രണ്ടുപേർ കൂറുമാറി. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ടി.കെ.രജീഷിന്റെ വെളിപ്പെടുത്തലിനെത്തുടർന്നാണ് രജീഷ് ഉൾപ്പെടെ മൂന്നുപേരെ കൂടി പ്രതിസ്ഥാനത്ത് ചേർത്തത്.