അഭിനയത്തില്‍ ഹിമാലയം പോലെ നിന്ന ജഗതിചേട്ടനെ തൊട്ടുമുന്നില്‍ കണ്ടപ്പോള്‍ തന്നെ മുട്ടിടിച്ചു! പക്ഷേ ജഗതി ചേട്ടന്റെ അന്നത്തെ ആ വാക്കുകള്‍ പൊന്നുപോലെയായി; നടന്‍ സുരാജ് വെഞ്ഞാറമ്മൂട് പറയുന്നു

മിമിക്രിയിലൂടെ കലാരംഗത്തേയ്ക്കും പിന്നീട് സിനിമയിലേയ്ക്കും കടന്ന അനേകം ആളുകളുണ്ട്. അക്കൂട്ടത്തിലൊരാളാണ് നടന്‍ സുരാജ് വെഞ്ഞാറമ്മൂട്. കോമഡിയിലൂടെയാണ് സിനിമയില്‍ രംഗപ്രവേശം ചെയ്തതെങ്കിലും ഇപ്പോള്‍ വളരെ ഗൗരവമേറിയ കഥാപാത്രങ്ങളും അദ്ദേഹം ചെയ്തുതുടങ്ങി. എന്തിനേറെ പറയുന്നു, മികച്ച നടനുള്ള ദേശീയ അവാര്‍ഡുപോലും സ്വന്തമാക്കുകയുണ്ടായി.

ഇപ്പോഴിതാ മലയാള സിനിമയിലെ തന്റെ ഒരനുഭവത്തെക്കുറിച്ച് സുരാജ് വെളിപ്പെടുത്തുന്നു. സിനിമയില്‍ എത്തിയപ്പോള്‍ തന്റെ അഭിനയം കണ്ട് ആദ്യം പ്രോത്സാഹിപ്പിച്ചത് ജഗതി ശ്രീകുമാര്‍ ആയിരുന്നുവെന്നാണ് സുരാജ് വെഞ്ഞാറമൂട് പറയുന്നത്. അനിയന്‍ കൊള്ളാം, രക്ഷപ്പെടും എന്ന് അദ്ദേഹം സുരാജിനെ നോക്കി പറഞ്ഞുവത്രേ. ആ വാക്കുകള്‍ പൊന്നുപോലെയായെന്നാണ് സുരാജ് പറയുന്നത്.

ജഗതി ശ്രീകുമാറിന്റെ ആ വാക്കുകളെക്കുറിച്ച് സുരാജ് വെഞ്ഞാറമ്മൂട് പറയുന്നതിങ്ങനെ…

എന്നെ വിസ്മയിപ്പിച്ച അഭിനേതാവാണ് ജഗതി ചേട്ടന്‍. അദ്ദേഹത്തിന്റെ കാലു തൊട്ടു തൊഴുതുകൊണ്ടായിരുന്നു സിനിമയിലേക്കുള്ള എന്റെ അരങ്ങേറ്റം. തെന്നാലി രാമന്‍ എന്ന സിനിമ. അരങ്ങേറ്റ സീന്‍ ജഗതിചേട്ടനൊപ്പമായിരുന്നു. അഭിനയത്തില്‍ ഹിമാലയം പോലെ നിന്ന ജഗതിചേട്ടനെ തൊട്ടുമുന്നില്‍ കണ്ടപ്പോള്‍ തന്നെ മുട്ടിടിച്ചു. പക്ഷേ, അദ്ദേഹം തോളില്‍ തട്ടി ചിരിച്ചു. അന്ന് ഷൂട്ടിംഗ് കഴിഞ്ഞ് എനിക്ക് മെഡിക്കല്‍ കോളജില്‍ മിമിക്രിയുണ്ടായിരുന്നു. ജഗതി ചേട്ടനാണ് മുഖ്യാതിഥി. ഞാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം പ്രംസംഗിച്ചുകൊണ്ട് നില്‍ക്കുന്നു. എന്നെ കണ്ടതും അദ്ദേഹം പറഞ്ഞു. ഞാനിന്ന് പുതിയൊരു സഹോദരനൊപ്പമാണ് അഭിനയിച്ചത്. അനിയന്‍ കൊള്ളാം. നല്ല ടൈമിംഗ് ഉണ്ട്. രക്ഷപ്പെടും. ആ വാക്കുകള്‍ പൊന്നുപോലെയായി.

 

Related posts