അടൂർ: പാന്പുകടിയേറ്റു മരിച്ച ഉത്രയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന ഭർത്താവ് സൂരജിന്റെ ഏറ്റുപറച്ചിൽ തന്റെ വീട്ടുകാരെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു സംശയം.
ഇന്നലെ അടൂർ പറക്കോട്ടെ വീട്ടിൽ തെളിവെടുപ്പിനായി വനംവകുപ്പ് കൊണ്ടുവന്നപ്പോഴാണ് സൂരജ് മാധ്യമങ്ങൾക്കു മുന്പിൽ വെളിപ്പെടുത്തൽ നടത്തിയത്.
സ്ഥലത്തുണ്ടായിരുന്ന മാധ്യമങ്ങളോട് എന്തെങ്കിലും പറയാനുണ്ടോയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ ചോദിച്ചപ്പോഴാണ് സൂരജ് പ്രതികരിച്ചത്. ഞാനാണ് ചെയ്തതെന്നു പറഞ്ഞാണ് സൂരജ് തുടങ്ങിയത്. എന്താണ് കാരണമെന്ന ചോദ്യത്തിന് അങ്ങനെ ചെയ്തുവെന്ന് പ്രതികരിച്ചു.
ആരുടെയെങ്കിലും പ്രേരണയിലാണോയെന്ന ചോദ്യത്തിന് അങ്ങനെയൊന്നുമില്ല എന്ന മറുപടിയാണ ു നൽകിയത്. മൂന്ന് വാക്കുകളിലൊതുക്കിയായിരുന്നു പരസ്യമായ കുറ്റസമ്മതം.
എന്നാൽ പിന്നീട് വനംവകുപ്പിന്റെ ചോദ്യം ചെയ്യലിൽ ഉത്രയെ കൊല്ലുകയെന്ന ലക്ഷ്യത്തോടെയാണ് ഫെബ്രുവരി അവസാനം അണലിയെയും പിന്നീട് മേയിൽ മൂർഖനെയും വാങ്ങിയതെന്ന് സൂരജ് സമ്മതിച്ചു. പാന്പിനെ കൈകാര്യം ചെയ്യുന്നതിന് പറക്കോട്ടെ വീട്ടിലുള്ളവർക്കും പരിശീലനം നൽകിയിരുന്നതായി സൂരജ് പറഞ്ഞു.
വീണ്ടും ചോദ്യം ചെയ്യും
സൂരജിനെ ഇത്തരത്തിൽ മാധ്യമങ്ങൾക്കു മുന്പിൽ കൊണ്ടുവന്നതിനോട് കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ ക്രൈംബ്രാഞ്ച് സംഘത്തിനു യോജിപ്പില്ല. സൂരജിന്റെ വെളിപ്പെടുത്തൽ കേസിൽ നിന്നു മാതാപിതാക്കളെയും സഹോദരിയെയും രക്ഷപെടുത്തുകയെന്ന ഉദ്ദേശത്തോടെയാണെന്നു അന്വേഷണസംഘവും സംശയിക്കുന്നു.
ഉത്രയുടെ സഹോദരൻ ഇന്നലെ ഇതു സംബന്ധിച്ച് ആരോപണമുന്നയിച്ചിരുന്നു. ഇതിനിടെ സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച് സംഘം വീണ്ടും ചോദ്യം ചെയ്യും. ഇതിനോടകം മൂന്നുതവണ ഇവരെ ചോദ്യം ചെയ്തെങ്കിലും കൊലപാതകക്കേസിൽ പ്രതി ചേർത്തിട്ടില്ല.
ഗാർഹിക പീഡനം സംബന്ധിച്ച ഒരു കേസും അന്വേഷിക്കുന്നുണ്ട്. ഇതിൽ പിതാവും സൂരജും മാത്രമാണ് ഇപ്പോൾ പ്രതികൾ. അഞ്ചലിലെ വീട്ടിൽ മേയ് ഏഴിനു രാത്രിയാണ് ഉത്രയുടെ മരണകാരണമായ മൂർഖൻ പാന്പിന്റെ കടിയേൽക്കുന്നത്.
ഇതിനു മുന്പ് അടൂർ പറക്കോട്ടെ വീട്ടിൽവച്ച് മാർച്ച് രണ്ടിന് ഉത്രയ്ക്കു പാന്പു കടിയേറ്റിരുന്നു. ഇതിന്റെ ചികിത്സയ്ക്കുശേഷം ഏപ്രിൽ 22ന് വീട്ടിലെത്തിയ ഉത്രയ്ക്ക് രാത്രിയിൽ കിടന്നുറങ്ങുന്പോഴാണ് പാന്പുകടിയേറ്റത്.
ഉത്രയെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സൂരജ് വാങ്ങി വീട്ടിലെത്തിച്ച മൂർഖൻ പാന്പാണ് കടിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
അണലിയും വിലകൊടുത്തുവാങ്ങിയത്..!
നേരത്തെ അടൂരിൽ സൂരജിന്റെ വീട്ടിൽ രണ്ടുതവണ പരാജയപ്പെട്ട ഉദ്യമമാണ് അഞ്ചലിലെ വീട്ടിൽ സൂരജ് പൂർത്തീകരിച്ചത്. ഫെബ്രുവരി 29നാണ് ആദ്യശ്രമം നടത്തിയത്.
അന്ന് സൂരജിന്റെ വീട്ടിൽ സ്റ്റെയർകെയ്സിൽ പാന്പിനെ കണ്ട് ഉത്ര ബഹളംവച്ചതോടെ ശ്രമം പരാജയപ്പെട്ടു. സൂരജ് എത്തി പാന്പിനെ പ്ലാസ്റ്റിക് കവറിലാക്കി കൊണ്ടുപോയി. മാർച്ച് രണ്ടിനു രാത്രി ഉത്രയെ പാന്പ് കടിച്ചു. അണലിയാണ് അന്ന് കടിച്ചത്.
ഇതിനെയും സൂരജ് വില കൊടുത്തു വാങ്ങി വീട്ടിൽക്കൊണ്ടുവന്നതായിരുന്നെന്ന് പോലീസും വനംവകുപ്പും നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
ദുരൂഹതയുടെ വിഷസർപ്പങ്ങൾ
പാന്പുകടിയേറ്റ ഉത്രയെ ഏറെ വൈകിയാണ് ആശുപത്രിയിലെത്തിച്ചതെങ്കിലും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലെ വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെവരാനായി.
ഇതിന്റെ തുടർ ചികിത്സയ്ക്കായി മാതാപിതാക്കൾക്കൊപ്പം സ്വന്തം വീട്ടിൽ താമസിക്കുന്നതിനിടെയാണ് മേയ് ഏഴിനു വീണ്ടും പാന്പു കടിയേറ്റത്.
മൂന്നു മാസത്തിനിടയിൽ രണ്ടുതവണ പാന്പു കടിച്ചതും രണ്ടുതവണയും ഭർത്താവ് സമീപമുണ്ടായിരുന്നതും ദുരൂഹത വർധിപ്പിച്ചു. ഉത്രയുടെ മാതാപിതാക്കൽ പോലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് അന്വേഷണം നടന്നത്.
ഉത്രയുടെ സ്വത്ത് ലക്ഷ്യമിട്ട് സൂരജ് നടത്തിയ ചില നീക്കങ്ങളും സംശയം ജനിപ്പിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ, സഹായി പാന്പു പിടിത്തക്കാരനായ സുരേഷ് എന്നിവരെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു.
കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ്. അശോകന്റെ നേതൃത്വത്തിലാണ് അന്വേഷണം. പാന്പിനെ പിടിച്ചതും കൈവശം സൂക്ഷിച്ചതുമായി ബന്ധപ്പെട്ട മറ്റൊരു കേസിലാണ് സൂരജിനെ വനംവകുപ്പ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നത്.