കോട്ടയം: മെഡിക്കൽ കോളജിൽ മറ്റൊരു വാർഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയെ കാർഡിയോളജി പേ വാർഡിൽ താമസിപ്പിച്ചുവെന്ന സംഭവം വാസ്തവിരുദ്ധമാണെന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സുരക്ഷാ ജീവനക്കാരൻ.
കാർഡിയോളജി വിഭാഗത്തിൽ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്യപ്പെട്ടയാളെ ഒരു ദിവസം കഴിഞ്ഞപ്പോൾ ഡിസ്ചാർജ് ചെയ്തുവെന്നും ഇയാളുടെ ബന്ധുവാണ് 13-ാം വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്നതെന്നും സുരക്ഷാ ജീവനക്കാരൻ പറഞ്ഞു. മൂന്നു ദിവസത്തേക്കാണ് പേ വാർഡിൽ താമസിക്കുന്നതായി സ്റ്റേ പാസ് വാങ്ങിയത്.
കാർഡിയോളജി വിഭാഗത്തിൽ നിന്നും ഡിസ്ചാർജ് ചെയ്തു കഴിഞ്ഞിട്ടും രണ്ടു ദിവസത്തേക്കു കൂടി താമസിക്കാനുള്ള സ്റ്റേ പാസ് ഇവരുടെ പക്കലുണ്ടായിരുന്നതിനാലാണ് ഇവർ കാർഡിയോളജി പേ വാർഡിൽ താമസിപ്പിച്ചത്.
മറ്റൊരു വാർഡിൽ ചികിത്സയിൽ കഴിയുന്പോൾ കാർഡിയോളജി പേ വാർഡിൽ താമസിക്കാൻ സാധിക്കില്ലെന്ന കാര്യം ഇവർക്ക് അറിയില്ലായിരുന്നുവെന്നും സുരക്ഷാ ജീവനക്കാരൻ പറഞ്ഞു.
സംഭവം പുറത്തുവരുന്പോഴാണ് താനും ഇക്കാര്യങ്ങൾ അറിയുന്നതെന്നും വിവരങ്ങൾ ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും സുരക്ഷാ ജീവനക്കാരൻ പറഞ്ഞു.