അടൂര്‍: ഉത്ര കൊലക്കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് സൂരജ് എല്ലാം പറഞ്ഞെന്നു അന്വേഷണസംഘം അച്ഛന് സുരേന്ദ്രനെയും അമ്മ രേണുകയെയും അറിയിച്ചപ്പോള്‍ അവരൊന്നു പതറി.
തിങ്കളാഴ്ച അടൂരിലെ പറക്കോട്ടെ വീട്ടിലെത്തിയ അന്വേഷണസംഘം സുരേന്ദ്രന്റെ മൂന്ന് ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. ഇതു മൂന്നുമേ ഉള്ളൂവെന്നും പറഞ്ഞു. തെളിവെടുപ്പിനുശേഷം മടങ്ങിയ സംഘം അപ്രതീക്ഷിതമായി വൈകുന്നേരം തിരിച്ചെത്തിയപ്പോള്‍ സൂരജിന്റെ കുടുംബം പതറി.
സൂരജ് എല്ലാം പറഞ്ഞുവെന്നും സ്വര്‍ണം എവിടെയാണെന്നും സുരേന്ദ്രനോടു ചോദിച്ചുകൊണ്ടായിരുന്നു തുടക്കം. അച്ഛന് എല്ലാം അറിയാമെന്ന് സൂരജ് പറഞ്ഞതായും പറഞ്ഞു.
അവന് അങ്ങനെ പറയില്ലല്ലോ എന്നു സുരേന്ദ്രന്. ഇതിനിടെ അകത്ത് ഫോണ്‍ അടിച്ചു അപ്പോഴാണ് വീട്ടിലെ നാലാമത്തെ ഫോണ്‍ കണ്ടെത്തിയത്. അന്വേഷണസംഘം ഇതും പരിശോധിച്ചു.
കള്ളത്തരങ്ങള്‍ പൊളിയുന്നുവെന്നു മനസിലായ സുരേന്ദ്രന് സ്വര്‍ണം ഒളിപ്പിച്ച സ്ഥലം കാട്ടിക്കൊടുക്കാമെന്നേറ്റു. തുടര്‍ന്ന് റബര്‍ തോട്ടത്തില്‍ എത്തി പലയിടങ്ങളിലും ചൂണ്ടി.
എന്നാല്‍ ഇവിടെയൊന്നും കണ്ടില്ല. ഒടുവില്‍ അന്വേഷണോദ്യോഗസ്ഥര്‍ കര്‍ശന നിലപാട് എടുത്തതോടെ ഒളിപ്പിച്ച സ്ഥലം കാട്ടിക്കൊടുത്തു. രണ്ട് പ്ലാസ്റ്റിക് കവറുകളിലാക്കി സൂരജാണ് ഒളിപ്പിച്ചതെന്ന് മൊഴി.ഇതു തന്റെ അറിവോടെയാണെന്നും സുരേന്ദ്രനു പറയേണ്ടിവന്നു.
ഭാര്യ രേണുകയ്ക്കും ഇത് അറിയാമെന്നു പറഞ്ഞുവച്ചു. എന്തിനാണ് സ്വര്‍ണം കുഴിച്ചിട്ടതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി അന്നേരം ഉണ്ടായില്ല.
ഉത്രയെ ഒഴിവാക്കാന്‍ അച്ഛനും അമ്മയും സഹോദരിയും സൂരജിനെ സഹായിച്ചുവെന്നതു വ്യക്തമായതോടെ ഗാര്‍ഹിക പീഡനക്കേസില്‍ ലോക്കല്‍ പോലീസ് അന്വേഷണത്തില്‍ ഇവര്‍ പ്രതികളായേക്കും. പത്തനംതിട്ട സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ഇതു സംബന്ധിച്ചു തയാറാക്കിയ റിപ്പോര്‍ട്ട് ജില്ലാപോലീസ് മേധാവിക്കു കൈമാറി.
എസ്പി ഇത് ക്രൈംബ്രാഞ്ചിനും വനിതാ കമ്മീഷനും നല്‍കിയിരിക്കുകയാണ്. കൊലപാതക അന്വേഷണം പൂര്‍ത്തിയാക്കുന്നതിനൊപ്പം ഗാര്‍ഹിക പീഡനക്കേസിലും അന്വേഷണം നടത്താനാണ് തീരുമാനം.