തന്റെ ക്വാറന്റൈൻ കാലം അവസാനിച്ച വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ച് നടൻ സുരാജ് വെഞ്ഞാറമ്മൂട്. വെഞ്ഞാറമ്മൂട്ടിൽ ഒരു റിമാൻഡ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇതേത്തുടർന്ന് ചില പോലീസുകാർക്ക് ക്വാറന്റൈനിൽ പോകേണ്ടിവന്നു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ കൃഷി ഇറക്കൽ ചടങ്ങിൽ വെഞ്ഞാറമൂട് സി.ഐയ്ക്കൊപ്പം പങ്കെടുത്ത കാരണത്താൽ സുരാജ് വെഞ്ഞാറമ്മൂടിനും സെക്കൻഡറി കോൺടാക്റ്റ് ലിസ്റ്റിൽപ്പെട്ട് ഹോം ക്വാറന്റൈനിലേക്ക് പോകേണ്ടി വന്നു.
വെഞ്ഞാറമൂട് സിഐയുടെ റിസൾട്ട് നെഗറ്റീവായി കണ്ടെത്തിയതിനാൽ സിഐയും സുരാജ് വെഞ്ഞാറമ്മൂടും നിരീക്ഷണത്തിൽ നിന്നു മോചിതരായെങ്കിലും തുടർന്നും ഏഴ് ദിവസം കൂടി നിരീക്ഷണത്തിൽ ഇരിക്കാൻ തീരുമാനിച്ചു.
ആ നിരീക്ഷണ കാലാവധി ജൂൺ അഞ്ചിന് അവസാനിച്ച വാർത്തയാണ് സുരാജ് ഫേസ്ബുക്കിൽ പങ്കുവച്ചത്.
ക്വാറന്റൈൻ ആയ വാർത്തയറിഞ്ഞ് നാട്ടിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും സ്നേഹവും സൗഹൃദവും കരുതലും പങ്കുവച്ചവർ നിരവധിയാണെന്നും എല്ലാവരുടെയും സ്നേഹം ഒരിക്കൽ കൂടി അനുഭവിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാണെന്നും സുരാജ് ഫേസ്ബുക്കിൽ കുറിച്ചു.