കാളികാവ്: ആഭ്യന്തര സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി കാളികാവിൽ ആർഎഎഫ് റൂട്ട് മാർച്ച് നടത്തി. കാളികാവ് മുതൽ ചോക്കാട് വരെയാണ് ദ്രുതകർമ സേന റൂട്ട് മാർച്ച് നടത്തിയത്. രാജ്യത്തു ആഭ്യന്തര സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി കോയന്പത്തൂർ ആർഎഎഫ് 105 ബറ്റാലിയനിലെ 30 ലധികം വരുന്ന അംഗങ്ങളാണ് റൂട്ട് മാർച്ച് നടത്തിയത്.
ഡെപ്യൂട്ടി കമാൻഡന്റ് എം.പി രജിത, ഇൻസ്പെക്ടർ സി. പ്രഭാകരൻ, കാളികാവ് എസ്ഐ ഷാരോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ റൂട്ട് മാർച്ചിൽ പങ്കെടുത്തു. ജില്ലയിലെ 15 പോലീസ് സ്റ്റേഷൻ പരിധിയിൽ റൂട്ട് മാർച്ച് നടത്തുന്നുണ്ട്. ഈ മാസം 20ന് വഴിക്കടവ് നിലന്പൂർ പോലീസ് സ്റ്റേഷനിലാണ് റൂട്ട് മാർച്ച് ആരംഭിച്ചത്. 21 ന് താനൂർ, തിരൂർ പോലീസ് സ്റ്റേഷനുകളിലും 23ന് കാളികാവ്, കരുവാരകുണ്ട്, സ്റ്റേഷനുകളിലും റൂട്ട് മാർച്ച് നടത്തി. ഇന്നു അവസാനിക്കും.
ആഭ്യന്തര സുരക്ഷയുടെ ഭാഗമായി ഓരോ പ്രദേശത്തെയും വിവര ശേഖരണവും ആർഎഎഫ് നടത്തുന്നുണ്ട്. വർഗീയ ലഹള, മാവോയിസ്റ്റ് ഭീഷണി എന്നിങ്ങനെയുള്ള പ്രശ്ന ബാധിത പ്രദേശങ്ങളിലാണ് ആർഎഎഫ് റൂട്ട് മാർച്ച് നടത്തുന്നത്. സൈറണ്‍ മുഴക്കിയുള്ള സായുധ സംഘത്തിന്റെ മാർച്ച് നാട്ടുകാരിൽ അന്പരപ്പും കൗതുകവുമുണർത്തി. ഓരോ സ്റ്റേഷൻ പരിധിയിലും അതതു എസ്ഐമാരാണ് ആർഎഎഫിന് വഴികാട്ടുന്നത്.