കോഴിക്കോട്: വാഹനയാത്രക്കാരുടെ സുരക്ഷയ്ക്കായി കൊണ്ടുവന്ന സുരക്ഷാ മിത്ര പദ്ധതി പാതിവഴിയില്‍ നിലച്ചു. ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തിനുശേഷം പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി കൊണ്ടുവന്ന പദ്ധതിയാണ് സുരക്ഷാമിത്ര.
പൊതുഗതാഗത സംവിധാനത്തില്‍ ഭയരഹിതമായി യാത്ര ചെയ്യാനും അടിയന്തര ഘട്ടത്തില്‍ സഹായം ലഭിക്കാനും ഉതകുന്നതരത്തിലാണ് പദ്ധതിയുടെ പ്രവര്‍ത്തനം. ഇതുപ്രകാരം വാഹനങ്ങള്‍ക്കുള്ളില്‍ ഒരു പാനിക് ബട്ടണും ജിപിഎസ് മോണിറ്ററിംഗ് സിസ്റ്റവും ഘടിപ്പിക്കും.
യാത്രയ്ക്കിടയില്‍ അസ്വാഭാവിക സാഹചര്യങ്ങളുണ്ടായാല്‍ പോലീസ് സേവനം തേടാന്‍ ഈ സുരക്ഷാ ബട്ടണ്‍ അമര്‍ത്തിയാല്‍ മതി.
നിമിഷങ്ങള്‍ക്കകം സഹായത്തിനായി മോട്ടോര്‍ വാഹന വകുപ്പോ പോലീസോ സഹായത്തിനായി എത്തും. ജിപിഎസ് മോണിറ്ററിംഗിലൂടെ വാഹനത്തെ പിന്തുടരാനും സാധിക്കും.
വാഹനത്തിന്റെ വലിപ്പം, ഉള്‍ക്കൊള്ളുന്ന യാത്രക്കാരുടെ എണ്ണം തുടങ്ങിയവ കണക്കാക്കി രണ്ട് മുതല്‍ അഞ്ച് വരെ പാനിക് ബട്ടണുകളാണ് വാഹനങ്ങളില്‍ ഘടിപ്പിക്കുന്നത്.
അപായ സൂചന നല്കാന് ഡ്രൈവറുടെ സീറ്റിന് സമീപവും പാനിക് ബട്ടണ്‍ ഘടിപ്പിക്കുന്നുണ്ട്. സ്കൂള്‍ ബസുകള്‍, കെഎസ്ആര്‍ടിസി, ആംബുലന്‍സ്, ട്രക്കുകള്‍, ടാക്സി വാഹനങ്ങള്‍ തുടങ്ങിയവയിലാണ് ജിപിഎസ് ഘടിപ്പിക്കുന്നത്.
കൊട്ടിഘോഷിച്ച് പദ്ധതി തുടങ്ങിയെങ്കിലും നിലവില്‍ എവിടെയും എത്തിയില്ല. സ്കൂള്‍, കോളജ് വാഹനങ്ങളില്‍ ഏതാണ് പൂര്‍ണമായി ഈ സംവിധാനം വന്നതായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഓരോ ജില്ലയിലും ഏതാനും ബസുകളിലുംടാക്സി കാറുകളിലും ബട്ടണും ജിപിഎസ് ഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇത് ഉപയോഗമില്ലാതെ കിടക്കുകയാണ്. മിക്ക യാത്രക്കാര്‍ക്കും ഇത് എന്താണെന്നുപോലും അറിയില്ല.
ഇനി അറിയാതെ വിരലമര്‍ത്തിയാല്‍ പോലും സഹായത്തിനായി ആരും എത്താത്ത സ്ഥിതിയാണ്. പദ്ധതി വേണ്ടത്ര ജനങ്ങളിലേക്ക് ഇറങ്ങിയിട്ടില്ലെന്ന് സംവിധാനം ഘടിപ്പിച്ച വാഹന ഉടമകള്‍തന്നെ പറയുന്നു.
ഇത് വാഹനത്തിൽ ഘടിപ്പിക്കാൻ നല്ലൊരു തുക ചെലവു വരും. വര്‍ഷത്തില്‍ ഇവ റീച്ചാര്‍ജ് ചെയ്യാന്‍ 3500 രൂപയോളമാണ് ചെലവ്. വാഹനത്തിൽ ബട്ടണും ജിപിഎസും ഘടിപ്പിച്ചില്ലെങ്കിൽ ഫിറ്റ്നസ് ലഭിക്കില്ല. അതിനാല്‍തന്നെ ഇത് ഘടിപ്പിക്കാന്‍ വാഹന ഉടമകള്‍ നിര്‍ബന്ധിതരാവുകയാണ്.