സ്വന്തം ലേഖകൻ
തിരുവനന്തപുരം: സുരക്ഷാഭീഷണി നേരിടുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് എക്സ് കാറ്റഗറി സുരക്ഷ സുരക്ഷയൊരുക്കണമെന്ന് ഇന്റലിജന്റ്സ് നിർദേശം.
എന്നാൽ, താൻ സുരക്ഷാ ഭീഷണി നേരിടുന്നതു മുഖ്യമന്ത്രിയിൽ നിന്നു മാത്രമാണെന്നും തനിക്ക് സംസ്ഥാന പോലീസിന്റെ സുരക്ഷ ആവശ്യമില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷായോഗത്തിലാണ് കെ. സുരേന്ദ്രന് സുരക്ഷ ഒരുക്കണമെന്ന നിർദേശമുയർന്നത്.
നേരത്തെ കേന്ദ്രസർക്കാർ സുരേന്ദ്രന് സിആർപിഎഫ് സുരക്ഷ നൽകാമെന്ന് അറിയിച്ചിരുന്നുവെങ്കിലും അദ്ദേഹം നിരസിച്ചിരുന്നു.
സ്വർണക്കടത്തിലും ലൈഫ് പദ്ധതിയിലുമടക്കം സംസ്ഥാന സർക്കാരിന്റെ പങ്കുമായി ബന്ധപ്പെട്ടു സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപി സമരരംഗത്താണ്. ഈ സാഹചര്യത്തിലാണു സുരക്ഷ ഒരുക്കേണ്ടത്.
ആഭ്യന്തര സെക്രട്ടറി, പോലീസ് മേധാവി, കേന്ദ്ര ഇന്റലിജന്റ്സ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സുരക്ഷാ സമിതി യോഗത്തിലാണ് സുരേന്ദ്രന് ഗണ്‍മാനെ നൽകാൻ തീരുമാനിച്ചത്.